കോഴിക്കോട്: കോഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക ജീവിതത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന പ്രൊഫ. പി ജയേന്ദ്രന് വിട ചൊല്ലി നഗരം. അദ്ധ്യാപകനായും എഴുത്തുകാരനായും വിവർത്തകനായും തലമുറകളോട് സംവദിച്ച പ്രൊഫ. പി. ജയേന്ദ്രനെ അവസാനമായി കാണാനും ആദരാഞ്ജലിയർപ്പിക്കാനുമായി നിരവധി പേരാണ് എത്തിയത്. അദ്ധ്യാപകരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും മുൻവിദ്യാർത്ഥികളും സുഹൃത്തുക്കളുമുൾപ്പെടെ അദ്ദേഹവുമായി വിവിധ കാലങ്ങളിൽ ബന്ധം പുലർത്തിയവർ ‘പൗഷാലി’യിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
ദേവഗിരി കോളേജിലെ കാൽനൂറ്റാണ്ടിലേറെ നീണ്ട അദ്ധ്യാപനജീവിതത്തിനൊപ്പം കോഴിക്കോടായിരുന്നു ജയേന്ദ്രന്റെ പ്രധാന കർമ്മമണ്ഡലം. പുസ്തകങ്ങളും എഴുത്തും ചർച്ചകളും സൗഹൃദങ്ങളും നിറഞ്ഞ സാംസ്‌കാരിക ഇടങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. കാരപ്പറമ്പിലെ ‘പൗഷാലി’യിൽ വിശ്രമജീവിതത്തിലും വായനയും എഴുത്തും തുടർന്ന ജയേന്ദ്രൻ, സാഹിത്യസൗഹൃദങ്ങൾക്കിടയിൽ എന്നും സജീവ സാന്നിദ്ധ്യമായിരുന്നു. സാഹിത്യകാരനും ഡോക്ടറുമായിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. ഇരുവരും ബ്രണ്ണൻ കോളേജിൽ ഒരുമിച്ചായിരുന്നു പഠനം. പുനത്തിലിന്റെ ബ്രണ്ണൻ സ്മരണയിൽ ഒരു പ്രധാന കഥാപാത്രവുമായിരുന്നു പി ജയേന്ദ്രൻ.പ്രൊഫ. സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്ന അദ്ദേഹം ഹെർമൻ ഗുണ്ടർട്ടിന്റെ ഭാഷാഗുരുനാഥന്മാരായിരുന്ന തലശ്ശേരി ഊരാച്ചേരി ഗുരുക്കന്മാരുടെ നേർ അനന്തരവനുമായിരുന്നു. ഡോ. ആർ. വിശ്വനാഥൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ഡോ. സി.പി. ശിവദാസ് തുടങ്ങിയവരുടെ സഹപ്രവർത്തകനായിരുന്ന ജയേന്ദ്രന് എം.എൻ. വിജയൻ മുതൽ ഡോ. അയ്യപ്പപ്പണിക്കർ വരെയുള്ള പ്രമുഖരുമായി അടുത്ത സൗഹൃദബന്ധങ്ങളുമുണ്ടായിരുന്നു. പുസ്തകങ്ങളും പെയിന്റിംഗുകളും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, വിവർത്തകനെന്ന നിലയിലും ശ്രദ്ധേയനാണ്. സാഹിത്യം, കല, ചരിത്രം, ദർശനം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
ഗുരുവിന്റെ കട്ടിലും കസേരയും സൂക്ഷിച്ച്
ശ്രീനാരായണഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയും തന്റെ വീട്ടിൽ അദ്ദേഹം ഒരു നിധി പോലെ സൂക്ഷിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായിരുന്നു. ചിലപ്പോൾ അദ്ദേഹം അതിൽ കയറിക്കിടക്കുകയും ഇരിക്കുകയും ചെയ്തിരുന്നു. ചരിത്ര പ്രാധാന്യമുള്ള കട്ടിലും കസേരയും അദ്ദേഹം പുസ്തകമുറിയിൽ തന്നെയാണ് സൂക്ഷിച്ചത്. തലശ്ശേരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം സ്ഥാപിക്കുന്ന സമയത്ത് തലശ്ശേരിയിലെത്തിയ ഗുരു താമസിച്ചത് ജയേന്ദ്രന്റെ അറക്കുളത്തുള്ള കുടുംബ വീട്ടിലായിരുന്നു.
അവിടുത്തെ മുകൾനിലയിലെ തെക്കെ മുറിയിലാണ് ഗുരു താമസിച്ചത്. പിന്നീട് സംഗീത സംവിധായകൻ കെ,. രാഘവൻ മാസ്റ്റർക്ക് ഈ വീട് കൈമാറി. ആ സമയത്ത് കട്ടിലും കസേരയും ജയേന്ദ്രൻ കൊണ്ടുപോരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |