കൽപ്പറ്റ: രണ്ടായിരം രൂപയിൽ കൂടുതലുളള യു.പി.ഐ പണമിടപാടുകൾക്ക് വ്യാപാരി കമ്മീഷൻ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് -എ.ഡി.ആർ) ഈടാക്കാനുളള നീക്കത്തിൽ വ്യാപാരമേഖല ആശങ്കയിൽ. രണ്ടായിരം രൂപയ്ക്ക് മുകളിലുളള ഇടപാടുകൾക്ക് ഒക്ടോബർ 15 മുതൽ 0.40 ശതമാനം നിരക്കിൽ എം.ഡി.ആർ. ഈടാക്കാനാണ് തീരുമാനം. ഒറ്റ ഇടപാടുകളിൽ പരമാവധി മുന്നൂറ് രൂപ മാത്രമേ ഈടാക്കുകയുളളുവെന്ന് പറയുന്നുണ്ടെങ്കിലും 75,000 രൂപ ഒറ്റ ഇടപാടെന്ന രീതി വിരളമായിരിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരു ദിവസം നൂറുപേർ വ്യാപാര സ്ഥാപനത്തിലെത്തി മിനിമം രണ്ടായിരം രൂപ വീതമുളള പർച്ചേസ് നടത്തിയാൽ എണ്ണൂറ് രൂപ വ്യാപാരികൾ കമ്മീഷനായി നൽകണം.
യു.പി.ഐ ഇടപാടുകൾ പൂർണമായും ഒഴിവാക്കി പണം സ്വീകരിക്കുന്നതിനെപ്പറ്റിയും വ്യപാരികൾ ചിന്തിക്കുന്നുണ്ട്. ഈ രീതി നടപ്പാക്കിയാൽ ഗൂഗിൾ പേ സംവിധാനത്തെ കൂടുതലായും ആശ്രയിക്കുന്നവർക്ക് ഏറെ പ്രയാസമുണ്ടാകും. ഓൺലൈൻ വ്യാപാര മേഖല വസ്ത്രമേഖലയിൽ ഉൾപ്പെടെ വലിയ രീതിയിൽ പ്രചാരം നേടിയതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിന് പുറമെയാണ് വ്യാപാര കമ്മീഷൻ ഈടാക്കാനുളള നീക്കവും. വ്യാപാരികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വ്യാപാര മേഖലയിലെ സംഘടനാനേതാക്കൾ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം വ്യാപാര മേഖലയെ തകർക്കുമെന്ന അഭിപ്രായമാണ് വ്യാപാര സംഘടനകൾ മുന്നോട്ടുവച്ചിരിക്കുന്നത്. നികുതിഭാരവും മറ്റും കൊണ്ട് വ്യാപാരികൾ ഏറെ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് സർക്കാരിന്റെ പുതിയ നീക്കം. ഇത് വ്യാപാര മേഖലയെ തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് അഭിപ്രായം. വ്യാപാരികമ്മീഷൻ കൊടുക്കാൻ നിർബന്ധിതരാവുന്ന വ്യാപാരികൾ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ വിലയിടുമോ എന്ന് ഉപഭോക്താക്കളും ഭയപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |