SignIn
Kerala Kaumudi Online
Friday, 02 October 2026 12.45 PM IST

തോരാമഴയിൽ മലയോരത്ത് വൻ കൃഷിനാശം

news
ക​ന​ത്ത​ ​മ​ഴ​യ്ക്കി​ടെ​ ​കോ​ഴി​ക്കോ​ട് ​സ്‌​റ്റേ​ഡി​യം​ ​ജം​ഗ്ഷ​ൻ​ ​ഇ​ന്ന​ലെ​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​യ​പ്പോൾ

കോഴിക്കോട്: അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ ജില്ലയിൽ തോരാമഴയും പരക്കെ നാശനഷ്ടവും. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴയ്ക്ക് മിക്കയിടങ്ങളിലും വൈകുന്നേരത്തോടെ ചെറിയൊരു ഇടവേള വന്നെങ്കിലും മലയോരങ്ങളിൽ നിലയ്ക്കാതെന്നോണം തുടരുകയായിരുന്നു. തിരുവമ്പാടി പോത്തുണ്ടി പുഴ കര കവിഞ്ഞു. വെള്ളം കെട്ടി നിന്ന് നൂറ് കണക്കിന് ഏക്കറിൽ കൃഷി നശിച്ചു. പലയിടത്തും വീടുകൾ ഭാഗികമായി തകർന്നു. എവിടെയും ആളപായമില്ല.

വളയം, കാവിലുംപാറ, കൂരാച്ചുണ്ട് മേഖലയിൽ ശക്തമായ മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങളേറെയും വെള്ളത്തിനടിയിലായി. പതിവു പോലെ മാവൂർ റോഡ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, അരയിടത്തുപാലം ജംഗ്ഷൻ, എൽ.ഐ.സി, സ്റ്റേഡിയം ജംഗ്ഷൻ, ശ്രീകണേ്ഠശ്വരം റോഡ്, മിഠായി തെരുവ്, വെള്ളയിൽ, കോട്ടൂളി, തൊണ്ടയാട്, പൊറ്റമ്മൽ എന്നീ ഭാഗങ്ങളിൽ രാവിലെ ഇഴഞ്ഞുനീങ്ങേണ്ടി വന്നു വാഹനങ്ങൾക്ക്.

സ്റ്റേഡിയം ജംഗ്ഷനിലെ പല കടകളിലും വെള്ളം കയറി. മാവൂർ റോഡിലെ കടകളിലും സമാനമായ അവസ്ഥയായിരുന്നു. പലയിടത്തും വെള്ളം ഒഴുകിപ്പോവാനിടമില്ലാതെ കെട്ടിക്കിടക്കുകയാണ്.

മിഠായിതെരുവിൽ വെള്ളംകയറിയ കടകളിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വെള്ളം നീക്കി.

വലിയ വാഹനങ്ങളല്ലാതെ ഓട്ടോറിക്ഷയ്ക്കും ഇരുചക്രവാഹനങ്ങൾക്കും നഗരത്തിലെ പ്രധാന റോഡുകളിൽ കൂടി പോലും പോവാൻ പറ്റാത്ത വിധം വെള്ളമുയർന്നിട്ടുണ്ട്. വെള്ളയിൽ, ചെലവൂർ, മുണ്ടിക്കൽതാഴം, പൂനൂർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി.
പാലാഴി, കോട്ടൂളി, ചാത്തമംഗലം എന്നിവിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. കനോലി കനാലിന്റെ പലഭാഗങ്ങളിലും വെള്ളം കരയിലേക്ക് കയറാൻ പാകത്തിലാണ്.

 സുരക്ഷയൊരുക്കാൻ

അഗ്നിരക്ഷാസേനയും

കനത്ത മഴ ജില്ലയിലുടനീളം നാശം വിതയ്ക്കുമ്പോൾ വിശ്രമമറിയാതെ ഓട്ടത്തിലാണ് രക്ഷകരായ അഗ്നിരക്ഷാ സേനാംഗങ്ങൾ. കനത്ത മഴയുടെ മുന്നറിയിപ്പുണ്ടായപ്പോൾ മുതൽ അതീവജാഗ്രതയിലായിരുന്നു ഇവർ. എല്ലാ യൂണിറ്റുകളിലും റബ്ബർ ഡിങ്കികളും മറ്റും ശേഖരിച്ചു കഴിഞ്ഞു. ലീവിൽ പോയ ഉദ്യോഗസ്ഥരിൽ പലരും മടങ്ങിയെത്തി.

മഴ നിലയ്ക്കാതെ പെയ്ത ഇന്നലെ നിരവധി രക്ഷാപ്രവർത്തനങ്ങളാണ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടന്നത്. വെള്ളം കയറിയ വെള്ളയിലെ വീടുകളിൽ നിന്ന് കിടപ്പു രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കുമെന്നിരിക്കെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കണമെന്നും അഗ്നിരക്ഷാസേന അധികൃതർ ഓർമ്മിപ്പിച്ചു. അത്യാഹിതം ഒഴിവാക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങളും സേനാംഗങ്ങൾ നൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL