SignIn
Kerala Kaumudi Online
Friday, 02 October 2026 1.43 AM IST

അത് ഉത്തരവല്ല, വെറും കത്ത്

 രാത്രി യാത്രാ നിരോധനത്തിൽ വിശദീകരണവുമായി കളക്ടർ

ഇടുക്കി: ജില്ലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയെന്ന രീതിയിൽ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന വിശദീകരണവുമായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജില്ലയിലെ പൊതുഗതാഗതത്തിന് തടസമാകുന്ന തരത്തിലുള്ള യാതൊരു ഉത്തരവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടില്ല. സെപ്തംബർ 28ന് മൂന്നാർ, പീരുമേട്, ഉടുമ്പഞ്ചോല പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്ക് നൽകിയ കത്തിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ച് അപകീർത്തികരമായ പ്രചാരണം നടത്തുകയായിരുന്നെന്നാണ് കളക്ട‌ർ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് കത്ത് എന്ന് സൂചന നൽകി പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്കായി വിശദമായ കുറിപ്പും ഇന്നലെ പുറത്തിറക്കി. ഇതിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന തോട്ടങ്ങൾക്കുള്ളിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് ഒഴിവാക്കാനും തോട്ടം ഉടമകളെയും തൊഴിലാളികളെയും ബോധവത്കരിക്കാനും വേണ്ടിയുള്ള നിർദ്ദേശം മാത്രമാണ് നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തോട്ടങ്ങളിൽ പതിയിരിക്കുന്ന വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാനാണ് ഈ നടപടി. ജില്ലയിൽ ഒരിടത്തും രാത്രി യാത്രാ നിരോധനം നിലവിലില്ലെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം, റെഡ്/ ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുമ്പോഴും വന്യജീവി സാന്നിധ്യമുള്ള സമയങ്ങളിലും വനം വകുപ്പും റാപ്പിഡ് റെസ്‌പോൺസ് ടീമും നൽകുന്ന ജാഗ്രതാനിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും കളക്ടറുടെ പുതിയ വിശദീകരണ കത്തിൽ പറയുന്നു. അതേസമയം, രാത്രി സമയത്തെ തോട്ടത്തിലെ പണികൾ നിറുത്തിവയ്ക്കണമെന്ന നി‌ർദ്ദേശം പുതിയ കത്തിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ആ ഉത്തരവും ബാധിക്കില്ലെന്ന്

കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 81 പേർ മരിക്കുകയും 486 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കാട്ടാനകളുടെ സഞ്ചാരപാതയിലെ അനധികൃത നിർമ്മിതികൾ, കൂറ്റൻ മരങ്ങളിൽ കെട്ടിയ സ്റ്റീൽ റോപ്പുകൾ, വേലികൾ എന്നിവ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പട്ടയഭൂമിയിലെ കർഷകരെ ബാധിക്കില്ലെന്ന് കളക്ടർ പറഞ്ഞു. സർക്കാർ- വനഭൂമികളിലെ കൈയേറ്റങ്ങൾക്കും റിസോർട്ടുകളിൽ ആനകളെ ആകർഷിക്കാൻ ഉപ്പ് വയ്ക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾക്കുമെതിരെയാണ് നടപടി സ്വീകരിക്കുന്നത്. കെട്ടിട നിർമ്മാണ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ പഞ്ചായത്ത് അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL