SignIn
Kerala Kaumudi Online
Thursday, 22 October 2026 6.20 PM IST

സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഒഴിഞ്ഞേക്കും

താനൂർ: തുടർച്ചയായി രണ്ട് തവണ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഇ.എൻ. മോഹൻദാസ് സ്ഥാനം ഒഴി‍ഞ്ഞേക്കുമെന്ന് സൂചന. മോഹൻദാസിന് 74 വയസുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി അംഗങ്ങൾക്ക് 75 വയസാണ് പ്രായപരിധി. സ്ഥാനം ഒഴിയാനുള്ള താത്പര്യം ഇ.എൻ.മോഹൻദാസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പി.വി.അൻവർ വിഷയം കൈകാര്യം ചെയ്തതിൽ ഇ.എൻ. മോഹൻദാസിന് വീഴ്ചയുണ്ടായി എന്ന വികാരം പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിയെ നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായ ചില ഘട്ടങ്ങളിൽ പരാജയപ്പെട്ടു എന്നതാണ് മോഹൻദാസിനെതിരെയുള്ള പ്രധാന വിമർശനം. പി.വി. അൻവർ‌ ഉന്നയിച്ച ആർ.എസ്.എസ് ബന്ധമെന്ന ആരോപണവും അവമതിപ്പുണ്ടാക്കി. മൂന്ന് ടേം വരെ തുടരാമെന്നതാണ് ഇ.എൻ. മോഹൻദാസിന് മുന്നിലുള്ള സാദ്ധ്യത. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിലിരിക്കെ പുതിയ നേതൃത്വം വരുന്നത് പാർട്ടിയ്ക്ക് ജില്ലയിൽ കൂടുതൽ ഉണർവേകുമെന്ന അഭിപ്രായവും സി.പി.എമ്മിലുണ്ട്. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.പി. അനിൽ, വി.പി. സക്കറിയ, വി.എം. ഷൗക്കത്ത്, ഇ.ജയൻ, വി.ശശികുമാർ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പൊതുചർച്ച തുടങ്ങിയത്. ചർച്ച ഇന്നും തുടരും. പി.വി.അൻവർ വിഷയം ചൂടേറിയ ചർച്ചയായേക്കുമെന്നാണ് വിലയിരുത്തലെങ്കിലും ഇന്നലെ വിഷയത്തിൽ കാര്യമായ ചർച്ച നടന്നിട്ടില്ലെന്നാണ് വിവരം. ഇന്ന് വിഷയം ചർ‌ച്ചയായേക്കും. കാര്യമായ തർക്കത്തിലേക്ക് വിഷയം ചെന്നെത്തില്ല. പാർട്ടിയെ അൻവർ വഞ്ചിച്ചെന്ന വികാരമാണ് നിലമ്പൂരിലെ പ്രാദേശിക നേതൃത്വത്തിന് ഉൾപ്പെടെ. പി.വി.അൻവറിന് പ്രാദേശിക നേതാക്കളെ പോലും സ്വാധീനിക്കാൻ കഴി‍ഞ്ഞില്ലെന്നത് നേതൃത്വത്തിന്റെ ഇടപെടലിന്റെ വിജയമായി ചൂണ്ടിക്കാട്ടും. അൻവറിന്റെ വിമതപ്രവർത്തനം സൃഷ്ടിച്ച കോട്ടം ഒഴിച്ചുനിറുത്തിയാൽ മലപ്പുറത്തെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം വലിയ വിജയമായാണ് സി.പി.എം ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തെ എതിർക്കുന്നവരോട് സി.പി.എമ്മിന് എം.എൽ.എമാരുടെ എണ്ണത്തിൽ ഇതുവഴി ഉണ്ടായ അംഗബലം ഉയർത്തിക്കാട്ടി പ്രതിരോധിക്കും. സ്വതന്ത്രൻമാരെ തിരഞ്ഞെടുക്കുമ്പോൾ കുറച്ചുകൂടി സൂക്ഷ്മത പുലർത്തണമെന്ന വികാരം വിവിധ ഏരിയ കമ്മിറ്റികളുടെ യോഗത്തിൽ നിന്ന് ഉയർന്നിരുന്നു. ഈ വികാരം പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ ഉയർത്തിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL