
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടിയുണ്ടായെങ്കിലും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടെന്ന് സി.പി.എം. ആ പദവിയിൽ തുടർന്നുകൊണ്ട് കേസിനെ നേരിടുന്നതാണ് രാഷ്ട്രീയമായി ഗുണകരമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഉടൻ
സുപ്രീംകോടതിയെ സമീപിക്കും.
പിണറായി മാറുന്നത് ഇ.ഡിയും ബി.ജെ.പിയും യു.ഡി.എഫും ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതിനു തുല്യമാവും. ബി.ജെ.പിയെയും ആർ.എസ്.എസിനെയും രാഷ്ട്രീയമായി കടന്നാക്രമിക്കുന്നത് തുടരാൻ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉണ്ടാകണം. ഗ്യാനേഷ് കുമാറിനെതിരായ ഡൽഹിയിലെ സമരത്തോടെ പിണറായി നേടിയെടുത്ത പ്രതിച്ഛായ ഇതിന് സഹായിക്കും.
എന്നാൽ, പിണറായി നേതൃസ്ഥാനം ഒഴിയണമെന്ന അഭിപ്രായം പിണറായി വിരുദ്ധ ചേരിയിലുണ്ട്. അത് തുറന്നുപറയാൻ അവർ മടിക്കുകയാണ്. അന്വേഷണത്തിന്റെ ഗതി അനുസരിച്ച് നിലപാട് സ്വീകരിക്കാമെന്നാണ് ഇവരുടെ പക്ഷം. പിണറായി വിരുദ്ധപക്ഷത്തിന് പിന്തുണ നൽകുന്ന കേന്ദ്ര നേതൃത്വവും ഇതേ ചിന്താഗതിയിലാണ്.
ഇ.ഡിയും സർക്കാരും ഒത്തുകളിച്ചതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്ന് ഇങ്ങനെ ഒരു ഉത്തരവ് ഉണ്ടായതെന്ന് സി.പി.എം പറയുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്താൻ തീരുമാനിച്ചത് സർക്കാരാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ നൽകേണ്ടിയിരുന്നത് സർക്കാരാണ്. ഇക്കാര്യം വാദത്തിനിടെ ഹൈക്കോടതിയും ചോദിച്ചിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിനു പിന്നിൽ
ബി.ജെ.പി -കോൺഗ്രസ് ഡീൽ ആണെന്ന് സി.പി.എം ആരോപിക്കുന്നു. കക്ഷിയായ സംസ്ഥാന സർക്കാർ അപ്പീൽ പോകാതെ ഇ.ഡിയെ സഹായിച്ചുവെന്നാണ് ആക്ഷേപം.
വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ പിണറായിക്ക്
നിയമപരമായ മറ്റ് മാർഗങ്ങൾ തേടാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |