SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

പൗരാണികതയുടെ പ്രൗഢിയുമായി തലക്കടത്തൂർ മസ്ജിദ്

thalakkadathoor-masjid

തിരൂർ: രണ്ടു നൂറ്റാണ്ടുകളുടെ കഥയുണ്ട്, പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന തലക്കടത്തൂർ മഹല്ല് ജുമാ മസ്‌ജിദിന്. ഒട്ടും മങ്ങാത്ത പൗരാണികതയുടെ പ്രൗഢിയും വിജ്ഞാനത്തിൻ്റെ പാരമ്പര്യവും പ്രാർഥനകളുടെ പുണ്യവുമെല്ലാം മസ്‌ജിദിലെത്തിയാൽ മനസ്സിൽ നിറയും. കയറിച്ചെല്ലുമ്പോഴുള്ള പൂമുഖം അന്നും ഇന്നും ഒരു പോലെ. ഇവിടം മുതൽ പൗരാണികതയുടെ പ്രൗഢി മനസ്സിലേക്ക് നിറഞ്ഞെത്തും. ഒപ്പം ഭക്തിയും സ്വാഭാവികമായും നിറയും. ചുറ്റുമുള്ള ശാന്തമായ പ്രകൃതിയും നൽകും, മനസ്സിനു കുളിർമ. 195 വർഷത്തെ പഴക്കമാണ് പള്ളിക്കുള്ളത്. രണ്ടു നൂറ്റാണ്ട് മുൻപ് പള്ളികളും കബറിടങ്ങളും ഈ ഭാഗത്തുണ്ടായിരുന്നില്ല. പ്രാർഥനയ്ക്കും മറ്റും ദൂരദേശത്തേക്ക് കിലോമീറ്ററുകൾ താണ്ടി നടന്നു പോകണം. ഇതറിഞ്ഞ മമ്പുറം തങ്ങൾ തലക്കടത്തുരിൽ ഒരു മസ്‌ജിദ് നിർമിക്കാൻ നിർദേശം നൽകി. ഇതു പാലിച്ചു കൊണ്ട് 1830ൽ പാട്ടത്തിൽ കോമുക്കുട്ടിയാണ് പള്ളി നിർമിച്ചത്. ചുറ്റിലും വലിയ കബർസ്ഥാനും ഒരുക്കി. ഏഴര ഏക്കറോളം സ്‌ഥലത്താണ് മസ്‌ജിദ് നിലനിൽക്കുന്നത്. ഇതോടെ കിലോമീറ്ററുകൾ താണ്ടേണ്ട പ്രയാസം ഇന്നാട്ടുകാർക്ക് ഇല്ലാതായി. 1882ൽ കോമുക്കുട്ടിയുടെ പേരമക്കളായ ബീരാൻ കുട്ടിയും കോമുക്കുട്ടിയും ചേർന്നു വഖഫ് ആധാരം റജിസ്റ്റർ ചെയ്യുകയും ചെയ്തു.

ചുറ്റിലും തണലേകുന്ന നൂറു കണക്കിനു മരങ്ങളും ശാന്തമായ പ്രകൃതിയുമെല്ലാം മനസ്സിനു കുളിർമ നൽകുകയും കൂടി ചെയ്ത‌പ്പോൾ ഇവിടം സൂഫികളുടെ കേന്ദ്രവുമായി. അവരിവിടെയെത്തി താമസിച്ചു. അവർക്ക് ശിഷ്യരുമുണ്ടായി. സുഫി പണ്ഡിതനായിരുന്ന കമ്മുണ്ണി മുസല്യാരുടെ കീഴിൽ മുന്നൂറിലേറെ പേർ ഇവിടെ പഠനം നടത്തി സൂഫികളായിട്ടുമുണ്ട്. പിന്നെയിവിടെ ഒരു ദർസുമുണ്ടായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും കാന്തപുരം എ.പി.അബൂബക്കർ മുസല്യാരും ചേകനൂർ മൗലവിയും വളാഞ്ചേരി അസ്ഹരി തങ്ങളും മലപ്പുറം ഖാസി മുത്തുക്കോയ തങ്ങളും അടക്കമുള്ള ഒട്ടേറെ പ്രമുഖ വ്യക്തികൾ ഇവിടെ നിന്നാണ് പഠിച്ചത്. ഇപ്പോഴുമീ ദർസ് പള്ളിയോടു ചേർന്നു തന്നെയുണ്ട്. 145 വിദ്യാർഥികളുണ്ട് ഇവിടെ. ഇവർക്കുള്ള പഠനം, താമസം, ഭക്ഷണം എല്ലാം മഹല്ലു തന്നെ കൈകാര്യം ചെയ്യുന്നു. പാട്ടത്തിൽ കുഞ്ഞിമുഹമ്മദാണ് മസ്‌ജിദിൻ്റെ മുതവല്ലി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL