മലപ്പുറം: 15കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവും 1.90 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരൂർ അരിക്കാഞ്ചിറ മങ്ങാട്ടയിൽ വീട്ടിൽ ഷംസാദിനെയാണ് (24) തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി.ബി.ഫസീല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകാനും ഉത്തരവിട്ടു. കൂടാതെ, വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം പെൺകുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
2018 സെപ്തംബറിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയം നോക്കിയെത്തിയ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തി തിരികെ നൽകാതെ വഞ്ചിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.അശ്വനി കുമാർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |