SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.08 PM IST

ഇന്ത്യയിൽ ഇത്രയധികം പണക്കാരോ?​ അഞ്ച് വർഷത്തിനിടെ ഞെട്ടിക്കുന്ന വർദ്ധന,​ കണക്കുകൾ പുറത്ത്

billionaire-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യയിൽ 100 കോടി രൂപയിലധികം വാർഷിക വരുമാനമുള്ളവരുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ നാലിരട്ടി വർദ്ധനവെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. 100 കോടിയോ അതിലധികമോ വരുമാനം രേഖപ്പെടുത്തുന്ന നികുതിദായകരുടെ എണ്ണമാണ് 300 ശതമാനത്തിലധികം വർദ്ധിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്. പാർലമെന്റിലാണ് രേഖാമൂലമുള്ള കണക്കുകൾ പുറത്തുവിട്ടത്.

ശതകോടീശ്വരൻമാർ നാലിരട്ടി കൂടി

കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ വിവരമനുസരിച്ച് 2025-26 നികുതി നിർണയ വർഷത്തിൽ 100 കോടിയോ അതിലധികമോ വാർഷിക വരുമാനം പ്രഖ്യാപിച്ചവരുടെ എണ്ണം 576 ആണ്. 2024-25ലെ കണക്ക് പ്രകാരം 415 പേരായിരുന്നു ഇത്തരത്തിൽ നികുതി നൽകിയിരുന്നത്. 2021-22 വർഷത്തിലാകട്ടെ ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത് 142 പേർ മാത്രമായിരുന്നു. അതായത് അഞ്ച് വ‌ർഷം കൊണ്ട് ഈ വിഭാഗത്തിലെ നികുതിദായകരുടെ എണ്ണം നാലിരട്ടിയോളമാണ് വർദ്ധിച്ചത്.

ഇന്ത്യയിലെ 'ബില്യണയർമാർ' എത്ര?

'ബില്യണയർ' എന്ന വാക്കിന് ആദായനികുതി നിയമത്തിൽ പ്രത്യേക നിർവചനം ഇല്ലെന്നാണ് കേന്ദ സർക്കാർ വ്യക്തമാക്കുന്നത്. 100 കോടി രൂപയിലധികം വാർഷിക വരുമാനം പ്രഖ്യാപിച്ച നികുതിദായകരുടെ എണ്ണമാണ് ലഭ്യമായ ഔദ്യോഗിക സൂചികയെന്നും സർക്കാർ പറഞ്ഞു. അതിനാൽ ഇന്ത്യയിലെ യഥാർത്ഥ ശതകോടീശന്മാരുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക് സർക്കാർ കൈവശമില്ലെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

വരുമാന അസമത്വത്തിന്റെ പരിഹാരം

രാജ്യത്തെ സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്ര ധനസഹമന്ത്രി വ്യക്തമാക്കി. വരുമാന-സമ്പത്തിലെ അസമത്വം കുറയ്ക്കുന്നതിന് പ്രോഗ്രസീവ് ഇൻകം ടാക്സ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഉയർന്ന വരുമാനക്കാരിൽ നിന്ന് സർചാർജ് ഈടാക്കുക, രാജ്യത്തെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ, സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ സർക്കാർ നടപ്പിലാക്കുന്നുണ്ട്.

സാമ്പത്തിക സുരക്ഷയ്ക്ക് സർക്കാർ പദ്ധതികൾ

പ്രധാനമന്ത്രി ആവാസ് യോജന, ജനധൻ യോജന, പി എം കിസാൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ ക്ഷേമപദ്ധതികളിലൂടെ രാജ്യത്തെ സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഉപഭോഗ അസമത്വം അളക്കുന്ന ഗിനി ഗുണകം (ഒരു രാജ്യത്തിലോ പ്രദേശത്തിലോ വരുമാനമോ സമ്പത്തോ എത്രത്തോളം തുല്യമായോ അസമമായോ വിതരണം ചെയ്തിരിക്കുന്നു എന്ന അളക്കുന്ന സൂചിക)​ ഗ്രാമ-നഗര മേഖലകളിൽ കുറഞ്ഞതായും സർക്കാർ ചൂണ്ടിക്കാട്ടി. 2013-14 മുതൽ 2022-23 വരെ ഏകദേശം 24.8 കോടി പേർ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നതായും സർക്കാർ വ്യക്തമാക്കി.

അതേസമയം, 100 കോടി രൂപയിലധികം വാർഷിക വരുമാനം രേഖപ്പെടുത്തിയ നികുതിദായകരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ രാജ്യത്തെ യഥാർത്ഥ സമ്പത്തിന്റെ വിതരണത്തെയും സാമ്പത്തിക അസമത്വത്തെയും കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.

English Summary

The number of Indian taxpayers reporting annual incomes of ₹100 crore or more has quadrupled over the past five years, rising from 142 in AY 2021-22 to 576 in AY 2025-26, the Centre informed Parliament. The government said there is no official definition of a billionaire under tax laws and highlighted ongoing measures to reduce income inequality and poverty.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA RICH TAXPAYERS, INDIAN HIGH INCOME TAXPAYERS, INDIA BILLIONAIRE NEWS, INDIA RICH PEOPLE, HUNDRED CRORE INCOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360