SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

ആരോഗ്യം ആനന്ദം; പരിശോധനയ്ക്ക് വിധേയരായത് 2.14 ലക്ഷം പേർ

news

മലപ്പുറം: സ്ത്രീകളിലെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസർ പ്രതിരോധ കാമ്പയിനിലൂടെ ജില്ലയിൽ പരിശോധനയ്ക്ക് വിധേയരായത് 2.14 ലക്ഷം പേർ. ഇതിൽ രോഗലക്ഷണങ്ങളോ സാദ്ധ്യതകളോ കണ്ടെത്തിയ 2,950 പേരെ തുടർ പരിശോധനയ്ക്ക് വിധേയമാക്കി. 61 പേർക്കാണ് കാൻസർ സ്ഥിരീകരിച്ചത്. ഇതിൽ 32 പേർക്ക് സ്തനാർബുദം, 16 പേർക്ക് വായിലെ കാൻസർ, എട്ട് പേർക്ക് വൻകുടലിലെ കാൻസർ, അഞ്ച് പേർക്ക് ഗർഭായശ കാൻസറുമാണ് സ്ഥിരീകരിച്ചത്. 30ന് മുകളിൽ പ്രായമുള്ളവരെ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിച്ചത്.
സ്തനാർബുദ പരിശോധനയ്ക്കായി 1.68 ലക്ഷം പേരെ സ്‌ക്രീൻ ചെയ്യുകയും ഇതിൽ 1,354 പേരെ റഫർ ചെയ്യുകയും ചെയ്തു. ഗർഭാശയ കാൻസർ പരിശോധനയ്ക്കായി 1.61 ലക്ഷം പേരെ വിധേയമാക്കിയതിൽ 1,572 പേരെ റഫർ ചെയ്തു. വായിലെ കാൻസർ കണ്ടെത്താൻ 2.04 ലക്ഷം പേരെ സ്‌ക്രീൻ ചെയ്തതിൽ 269 പേരെയും വൻകുടലിലെ കാൻസർ സാദ്ധ്യത അറിയാൻ 56,703 പേരെ പരിശോധിച്ചതിൽ 72 പേരെയും റഫർ ചെയ്തു.

ശൈലീ ആപ്പ് സർവേയിലൂടെ രോഗസാദ്ധ്യത കണ്ടെത്തിയവരിൽ ഭൂരിഭാഗം പേരും തുടർ പരിശോധനയ്ക്ക് വിധേയരാവാത്ത സാഹചര്യത്തിലാണ് 30 മുതൽ 65 വയസ് വരെയുള്ളവരെ കാൻസർ പരിശോധനയ്ക്ക് വിധേയരാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യം ആനന്ദം കാമ്പയിൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സ്ത്രീകൾക്ക് മാത്രമായി ആരംഭിച്ച കാമ്പെയിൻ രണ്ടാം ഘട്ടത്തിൽ പുരുഷന്മാരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

കുത്തിവെപ്പ് എടുക്കുന്നില്ല

അതേസമയം, ഗൾഭാശയ അർബുദത്തെ പ്രതിരോധിക്കാനുള്ള സൗജന്യ എച്ച്.പി.വി കുത്തിവെപ്പ് ക്യാമ്പയിനിൽ ജില്ല ഏറ്റവും പിന്നിലാണ്. മെയ് 31ന് അവസാനിക്കേണ്ട ഈ കുത്തിവെപ്പ് ക്യാമ്പയിൻ പങ്കാളിത്തം കുറഞ്ഞതിനാൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. വ്യാജ പ്രചരണങ്ങളും തെറ്റിദ്ധാരണകളുമാണ് ജില്ലയിൽ വാക്സിനെടുക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നതെന്ന് അധികൃതർ പറയുന്നു

പരിശോധനയ്ക്ക് വിധേയരായവർ - 2.14 ലക്ഷം
സ്തനാർബുദം സ്ഥിരീകരിച്ചവർ - 32
ഗർഭാശയ കാൻസർ സ്ഥിരീകരിച്ചവർ- അഞ്ച്
വായിലെ കാൻസർ സ്ഥിരീകരിച്ചവർ - 16
വൻകുടലിലെ കാൻസർ സ്ഥിരീകരിച്ചവർ -എട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL