മലപ്പുറം: വ്യവസായ സ്ഥാപനത്തിനെന്ന പേരിൽ കുന്നിടിച്ചും പാറ പൊട്ടിച്ചും നടത്തിയ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ ഒടുവിൽ ദുരന്തമായി. പാണക്കാട് എടായിപ്പാലത്ത് കടലുണ്ടി പുഴയ്ക്ക് സമീപമുള്ള മലയിടിഞ്ഞ് വൻ മണ്ണിടിച്ചിൽ. മൺകൂനയും വലിയ മരങ്ങളും കൂറ്റൻ കല്ലുകളും റോഡിലേക്ക് പതിച്ച് പ്രദേശത്ത് വൻനാശനഷ്ടം വിതച്ചു. സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായും അവഗണിച്ച് നടത്തിയ മണ്ണെടുപ്പാണ് ദുരന്തത്തിന് വഴിവെച്ചതെന്ന ആക്ഷേപം ശക്തമാണ്.
ഞായറാഴ്ച രാവിലെ എട്ടോടെയാണ് കടലുണ്ടി പുഴയോരത്തെ കുന്നിൻചെരുവിൽ നിന്ന് 10 അടി ഉയരത്തിൽ ആദ്യം മണ്ണ് ഇടിയാൻ തുടങ്ങിയത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും ഉടനടിയെത്തി വേങ്ങര, പരപ്പനങ്ങാടി, കൂരിയാട് ഭാഗങ്ങളിലേക്കുള്ള ഗതാഗതം നിരോധിക്കുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതിനാൽ മാത്രമാണ് വലിയ ജീവഹാനി ഒഴിവായത്. എന്നാൽ, രാവിലെ 9.30ഓടെ നാടിനെ നടുക്കി കുന്നിന്റെ വലിയൊരു ഭാഗം റോഡിലേക്ക് പതറിവീണു. ഉച്ചയ്ക്ക് 1.30നും വീണ്ടും ശക്തിയായി മണ്ണിടിച്ചിലുണ്ടായി. ഇപ്പോഴും കുന്നിൻ മുകൾഭാഗം ഇളകിത്തൂങ്ങി ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന ഭീതിജനകമായ അവസ്ഥയിലാണ്.
വീഡിയോഗ്രാഫറും ഡ്രൈവറും
200 മീറ്റർ ഒലിച്ചുപോയി
പ്രദേശത്ത് അപകട ഭീതി വിതച്ച വൻമണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കൈരളി ചാനൽ വീഡിയോഗ്രാഫർ ജയേഷ് വില്ലോടിയും ഡ്രൈവറും പെട്ടെന്ന് കുത്തിയൊലിച്ചെത്തിയ മൺകൂനയിലും ചെളിയിലും അകപ്പെടുകയായിരുന്നു. ഇരുവരെയും ചെളിവെള്ളം റോഡിലൂടെ 200 മീറ്ററോളം ദൂരേക്ക് ഒഴുക്കിക്കൊണ്ടുപോയി. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് തലനാരിഴയ്ക്ക് ഇവരെ ജീവനോടെ രക്ഷപ്പെടുത്തിയത്. വാർത്താസംഘത്തിന്റെ ലൈവ് സംപ്രേഷണ ഉപകരണങ്ങളും ക്യാമറയും ചെളിയിൽ മൂടി നശിച്ചു. ട്രൈപോഡ് കടലുണ്ടി പുഴയിലേക്ക് ഒലിച്ചുപോവുകയും ചെയ്തു. ഭയന്നോടുന്നതിനിടെ വീണ് നിരവധി നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്.
രക്ഷപ്പെട്ടത് നൂറിലധികം പേർ
മണ്ണിടിച്ചിൽ ഭീഷണിയുണ്ടായ കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിലെ 30ഓളം വിദ്യാർത്ഥികളെ അടിയന്തരമായി സ്‌കൂൾ ബസിൽ മലപ്പുറത്തെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റി. സ്‌കൂൾ അവധിയായതിനാലാണ് വലിയ ദുരന്തം ഒഴിവായത്; സാധാരണദിവസങ്ങളിൽ ഇരുനൂറോളം കുട്ടികളാണ് ഇവിടെ താമസിക്കാറുള്ളത്. സമീപവാസികളെ പാണക്കാട് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിച്ചു. അപകടത്തിൽ പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു.
ഉദ്യോഗസ്ഥ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ
മണ്ണെടുക്കാനും പാറ പൊട്ടിക്കാനുമുള്ള അനുമതി ജൂണിൽ അവസാനിച്ചിട്ടും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നിർമ്മാണ പ്രവർത്തനം തുടർന്നിട്ടും നഗരസഭയോ ജിയോളജി വകുപ്പോ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2019ലെ പ്രളയത്തിലും ഇവിടെ ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതാണ്. ഇന്നലെ മഴ ശക്തമായതോടെ കുന്നിൽ നിന്ന് വെള്ളവും മണ്ണും ഒലിച്ചിറങ്ങി അപകട സൂചന നൽകിയിട്ടും അധികൃതർ ജാഗ്രത കാട്ടിയില്ല.പാണക്കാട് കുടുംബം സൗജന്യമായി സർക്കാർ ആശുപത്രി നിർമ്മാണത്തിന് നൽകിയ ഭൂമിയും നിലവിൽ കുന്നിടിച്ചിൽ ഭീഷണിയിലാണ്. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ നിർദേശം നൽകി. എ.ഡി.എം പി.അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും ദുരന്തനിവാരണ വിഭാഗവും സ്ഥലം സന്ദർശിച്ചു.
'പാണക്കാട്ടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി നിറുത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് അപകടത്തിന് കാരണം.'
പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായ വകുപ്പ് മന്ത്രി)
'റോഡിലെ തടസ്സങ്ങൾ നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. സുരക്ഷാ പരിശോധനയ്ക്കും മഴ മാറുന്നതിനും ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കൂ.'
പി.കെ. ബഷീർ (പൊതുമരാമത്ത് വകുപ്പ് മന്ത്രി)
'നിർമ്മാണത്തിന് അനുമതി നൽകിയിരുന്നോ എന്ന് പരിശോധിക്കും. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും.'
എ.പി. അനിൽകുമാർ (റവന്യൂ മന്ത്രി)
'നിലവിലെ ഭരണസമിതി ഇതിന് അനുമതി നൽകിയിട്ടില്ല. നിയമവിരുദ്ധമായി കുന്നിടിച്ചവർക്കെതിരെ കർശന നടപടിയെടുക്കണം.'
അഡ്വ. റിനിഷ റഫീഖ് (മലപ്പുറം നഗരസഭാ ചെയർപേഴ്സൺ)
കഴിഞ്ഞ ദിവസം പെയ്ത മഴ കണ്ടപ്പോഴേ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. 2019ലെ പ്രളയ സമയത്ത് ഇവിടെ ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |