SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

എം.സി.എഫ് പരിചരണമില്ല  മാലിന്യം കുന്നു കൂടുന്നു

mcf

മുതലമട: ഗ്രാമപഞ്ചായത്തിലെ എം.സി.എഫുകൾ പരിചരണം ഇല്ലാതായിട്ട് ആഴ്ചകൾ പിന്നിടുമ്പോൾ മാലിന്യം കുമിയുന്നു. ഇരുപത് വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ 20 എം.സി.എഫുകളുടെ പരിചരണം നിലച്ചിട്ട് മൂന്നാഴ്ചയോളമായി. പല എം.സി.എഫുകളും കാടുപിടിച്ച നിലയിലാണ്. തൃശൂർ-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയോരത്ത് സ്ഥാപിച്ച എം.സി.എഫുകളിൽ മാലിന്യം നിറഞ്ഞ് റോഡുകളിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. വിവിധതരം ജൈവ അജൈവ മാലിന്യങ്ങൾ തുടങ്ങി അഴുകിയ മാലിന്യങ്ങൾ വരെ ഇവയുടെ പരിസരത്ത് നിക്ഷേപിക്കപ്പെടുന്നു. വിവിധ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ഗോവിന്ദപുരത്തെ ഗോഡൗണിൽ എത്തിക്കുകയും അവിടെനിന്ന് സംസ്‌കരിക്കാനായി കയറ്റി വിടുകയുമാണ് പതിവ്.

പ്രതിസന്ധിയിലായി ഹരിത കർമ്മ സേന

പഞ്ചായത്തിലെ 20 എം.സി.എഫുകൾ പരിചരിക്കാൻ ആകെയുള്ളത് 40 ഹരിത കർമ്മ സേനാംഗങ്ങളാണ്. ഉദ്യോഗസ്ഥ ഭരണസമിതി പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള തർക്കം ഹരിത കർമ്മ സേനാംഗങ്ങളുടെ ജോലിയെ ബാധിക്കുന്നുണ്ട്. പഞ്ചായത്തിലുണ്ടായ ഭരണസ്തഭനവും തൊഴിലാളികളെയും മാലിന്യത്തെയും പ്രതികൂലമായി ബാധിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ തൊഴിലിനെ ബാധിച്ചതോടെ മുതലമടയിലെ സി.പി.എം മെമ്പർമാർ വിഷയത്തിൽ ഇടപെട്ടു. ഇതേ തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം ഉണ്ടായെങ്കിലും ഹരിത കർമ്മ സേനയുടെ വാഹനം സേനാംഗങ്ങൾക്ക് വിട്ടു നൽകി. ആഴ്ചകളായി അവധിയിലായിരുന്ന സെക്രട്ടറിക്ക് പകരം ചുമതലയായി പുതിയ സെക്രട്ടറി കഴിഞ്ഞദിവസം ചാർജ് എടുത്തിട്ടുണ്ട്.

കുറച്ചു ദിവസങ്ങളായി ഹരിത കർമ്മ സേനയുടെ വാഹനം പഞ്ചായത്തിൽ നിർത്തിയിട്ടത് മൂലമാണ് എം.സി.എഫുകളിൽ മാലിന്യം പെരുകാൻ ഇടയായത്. നിലവിൽ ഹരിതകർമ്മ സേനയ്ക്ക് വണ്ടി അനുവദിച്ചു തന്നിട്ടുണ്ട്. മാലിന്യനീക്കവും എം.സി.എഫ് പരിചരണവും ഊർജിതമാക്കും.
പി.മാധവി, പ്രസിഡന്റ് ഹരിതകർമ്മ സേന മുതലമട.


പഞ്ചായത്തിലെ എം.സി.എഫുകളിലെ മാലിന്യം കുമിയാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സത്യഗ്രഹ നാടകമാണ് ഹരിതകർമ്മ സേനാംഗങ്ങളുടെ തൊഴിൽ നഷ്ടമാകാനും ഗ്രാമപഞ്ചായത്തിൽ മാലിന്യം കുമിയാനും ഇടയാക്കിയത്.
കെ.വിനേഷ്, സി.പി.എം ലോക്കൽ കമ്മറ്റിയംഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MCF, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL