
പാലക്കാട്: ഗർഭിണികൾക്കും കുട്ടികൾക്കും അപകട ഭീഷണിയുയർത്തി ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്കുള്ള പ്രധാന റോഡുകൾ. അഞ്ചു വർഷക്കാലമായി തകർന്ന നിലയിലാണ് ഈ റോഡുകൾ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ പേരാണ് ചികിത്സ തേടി ഇവിടേക്കെത്തുന്നത്. ആംബുലൻസുൾപ്പടെ ദിവസേന ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയായതിനാൽ സമയത്തിന് ആശുപത്രിയിലേക്കെത്താൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റേഡിയം ഭാഗത്ത് നിന്ന് ആശുപത്രിയിലേക്കുള്ള മൺ റോഡും കുണ്ടും കുഴിയുമായി കിടക്കുകയാണ്. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വസ്തുക്കളുമായി വാഹനങ്ങൾ ഈ വഴിയിലൂടെ കടന്നു പോകുന്നത് റോഡ് കൂടുതൽ മോശമാകാനും കാരണമായി. കൗൺസിലറെയും മുൻസിപ്പാലിറ്റിയിലും പരാതിപ്പെടുമ്പോൾ ക്വാറി വേസ്റ്റ്, ഇഷ്ടിക, സ്ലാബിന്റെ പൊട്ടും പൊടി എന്നിവ ഉപയോഗിച്ച് താത്കാലിക പരിഹാരമാണുണ്ടാകുന്നത്. ശ്വാശത പരിഹാരമോ നടപടിയോ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ആശുപത്രിയിലേക്കെത്തുന്ന രോഗികൾക്ക് മാത്രമല്ല അവരെ കൊണ്ടുവരുന്ന ഓട്ടോ ഡ്രൈവർമാരും റോഡിന്റെ ദുർഗതി കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതും വേനൽക്കാലത്ത് പൊടിശല്യവും വലിയ ദുരിതമാവുകയാണ്.
സ്ലാബുകളും തകർന്ന നിലയിൽ
മാസങ്ങൾക്ക് മുമ്പ് സ്ലാബ് പണി നടത്തിയിരുന്നെങ്കിലും പുതിയ കെട്ടിട നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വീണ്ടും തകർന്നിരിക്കുകയാണ്. പൊട്ടി പൊളിഞ്ഞും കമ്പികൾ പുറത്തേയ്ക്ക് ഉന്തി നിൽക്കുന്ന രീതിയിലുമാണ് സ്ലാബുകൾ. ഇത് കാൽനടയാത്രക്കാരെയും രോഗികളെയും അപകടത്തിലാക്കുന്നുണ്ട്.
പ്രവർത്തനരഹിതമായി കാന്റീൻ
നിലവിൽ ആശുപത്രിയിൽ കാന്റീൻ പ്രവർത്തിക്കാത്തത് രോഗികളെയും കൂട്ടുനിൽപ്പുകരെയും ദുരിതത്തിലാക്കുന്നു. ചികിത്സയിലുള്ള ഗർഭണികൾക്ക് ഭക്ഷണം എത്തിക്കുന്നതിന് ദൂരെയുള്ള ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഒരു ദിവസം 10,15 തവണയെങ്കിലും ഈ റോഡിലൂടെ കടന്ന് പോകുന്നുണ്ട്. വാഹനങ്ങൾ കുഴിയിലേക്ക് ഇറങ്ങുമ്പോൾ അടിഭാഗം കുഴിയിൽ തട്ടി വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്.
ഓട്ടോ ഡ്രൈവർ
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാഫി പറമ്പിൽ എം.എൽ.എയുടെ വികസന ഫണ്ട് വിനിയോഗിച്ച് പാളയപ്പേട്ട സ്റ്റേഡിയം റോഡ് മെറ്റലിംഗും ടാറിംഗും നടത്തിയത്. പക്ഷെ അപ്പോഴും അധികാരികൾ ഈ റോഡിൽ ഒരു നടപടിയും സ്വീകരിച്ചില്ല.
സന്ദീപ്,പ്രദേശവാസി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |