SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 AM IST

ഭവനപദ്ധതിയിൽ ഉൾപ്പെട്ടവർ ഫണ്ടിനായി കേഴുന്നു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫണ്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭവനപദ്ധതിയിൽ ഉൾപ്പെട്ടെ ഗുണഭോക്താക്കൾ നട്ടം തിരിയുന്നു. സംസ്ഥാനത്തെ ലൈഫ്, പി.എം.എ.വൈ, പി.എം ജൻ മൻ പദ്ധതികളിൽ ഉൾപ്പെട്ടവരാണ് വീടില്ലെന്ന സാക്ഷ്യപത്രവും സർക്കാർ ആവശ്യപ്പെടുന്ന അനുബന്ധ രേഖകളും ഹാജരാക്കിയിട്ടും തുടർനടപടികൾക്ക് മാസങ്ങളായി കാത്തിരിക്കുന്നത്. കേന്ദ്ര ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലേക്ക് സംസ്ഥാനത്ത് 2,14,124 കുടുംബങ്ങളെയാണു കണ്ടെത്തിയത്. ഇതിൽ 2021-22 സാമ്പത്തികവർഷം 13,114 വീടുകൾക്ക് അനുമതി നൽകിയിരുന്നു. പിന്നീട് 1,97,759 വീടുകൾക്ക് 2024ലും അനുമതി നൽകി. ബാക്കിയുള്ള കുടുംബങ്ങളിൽ ഇനിയും എത്രപേർക്ക് വീട് കിട്ടാനുണ്ടെന്നു വീണ്ടും സർവേ നടത്തി കണ്ടെത്തണം. എന്നാൽ, ഇതുവരെയും സർവേ തുടങ്ങിയിട്ടില്ല.

 ശേഷിക്കുന്നത് 21,908 കുടുംബങ്ങൾ

പാലക്കാട് ജില്ലയിൽനിന്ന് 21908 കുടുംബങ്ങളാണ് പി.എം.എ.വൈ ഗ്രാമീൺ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ശേഷിക്കുന്നത്. പട്ടിക പഴയതായതിനാൽ ഇവരിൽ പലർക്കും മറ്റ് ഭവനപദ്ധതികളിൽ വീട് ലഭിച്ചിട്ടുണ്ടാവാം. സർവേയ്ക്ക് നേരത്തെ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപടികൾ ആവുന്നതേയുള്ളൂ. പട്ടികയിൽ ഉൾപ്പെടാനുള്ള കേന്ദ്ര മാനദണ്ഡങ്ങളിൽ ഇളവു നൽകിയത് ഒരു ആശ്വാസമാണ്.

 ലൈഫിലും കുരുക്ക്

ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ പട്ടിക പ്രകാരം പാലക്കാട് ജില്ലയിൽ സ്വന്തമായി വീടില്ലാത്ത 57,994 കുടുംബങ്ങളും വീടും സ്ഥലവും ആവശ്യമുള്ള 82,192 കുടുംബങ്ങളുമുണ്ട്. 2022ൽ ജില്ലയിൽ 9344 കുടുംബങ്ങളുടെ വീടുകൾക്ക് കരാറായിട്ടുണ്ട്.

എന്നാൽ, 7581 വീടുകൾക്കാണ് അനുമതി കിട്ടിയത്. ബാക്കിയുള്ളവർ വീടിനായുള്ള കാത്തിരിപ്പിലാണ്.

ഇവിടെയും സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടതുണ്ട്. വീടിനായി നൽകുന്ന നാല് ലക്ഷം രൂപയിൽ 80,000 രൂപ തദ്ദേശസ്ഥാപനങ്ങൾ നൽകണം. ഒരു ലക്ഷം രൂപ സംസ്ഥാനവിഹിതമായി നൽകും. ശേഷിക്കുന്ന 2,20,000 രൂപ ഹഡ്‌കോയിൽനിന്നു വായ്പയായാണു നൽകുന്നത്. വായ്പയുടെ ബാദ്ധ്യത സർക്കാരിനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL