
പാലക്കാട്: കാലിത്തീറ്റയുടെയും ചോളം പുല്ലിന്റേയും വൈക്കോലിന്റെയും വില വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി ക്ഷീര കർഷകർ. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1,580 രൂപയാണ് വില. ഒരു പശുവിന് ആറ് ദിവസത്തേക്കുള്ള തീറ്റയേ ഇതിലുണ്ടാകൂ. 300 രൂപയാണ് വൈക്കോലിന്റെ വില. ചോളം പുല്ലിന് ഒരു കിലോയ്ക്ക് വില ഏഴ് വരെയെത്തിയിട്ടുണ്ട്. നേരത്തെ ഇത് അഞ്ച് രൂപയായിരുന്നു. ഒരു പശുവിന് ഏകദേശം 40 കിലോ ചോളം പുല്ലാണ് ഒരു ദിവസം ആവിശ്യമുള്ളത്. പച്ച പുല്ല് ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. നേരത്തെ നാല് രൂപയായിരുന്ന പച്ചപ്പുല്ലിന് കിലോയ്ക്ക് അഞ്ച് രൂപയായി. മൂന്ന് മാസമായി ഇതേ വിലയിലാണ്.ഗുണനിലവാരം അനുസരിച്ച് ഒരു ലിറ്റർ പാലിന് സൊസൈറ്റികളിൽ നിന്ന് ലഭിക്കുന്നത് 39 രൂപ മുതൽ 45 വരെയാണ്. ഉൽപാദന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണെന്നും കർഷകർ പറഞ്ഞു. വേനലടുക്കുന്നതോടെ പ്രതിസന്ധി ഇരട്ടിയാകുമെന്നും കർഷകർ ആവാലാതിപ്പെടുന്നുണ്ട്. വെറ്ററിനറി മരുന്നുകളുടെ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നാട്ടിലെത്തി ഫാം തുടങ്ങിയ പ്രവാസികളുൾപ്പടെ കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന ധാരാളം ആളുകളുണ്ട് ജില്ലയിൽ. പരിപാലനച്ചെലവ് വർദ്ധിക്കുന്നതിനാൽ ക്ഷീര മേഖല ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണത്തിലും വലിയ വർദ്ധനവാണുള്ളത്.
കാലി രോഗങ്ങളും പ്രതിസന്ധിക്ക് കാരണമായി
ചർമമുള,മാട്, കൊളമ്പ് രോഗം,അകിട് വീക്കം തുടങ്ങി രോഗങ്ങളാൽ കന്നുകാലികൾ ചത്തു പോകുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. അകിട് വീക്കം ബാധിച്ച കന്നുകാലിയിൽ നിന്ന് ഏഴു ദിവസം വരെ പാൽ എടുക്കാൻ കഴിയില്ല. അതിനാൽ കുറഞ്ഞ വിലയ്ക്ക് കാലികളെ വിൽക്കുകയാണ് കർഷകർ. കഴിഞ്ഞ ആഴ്ച്ചയിൽ മാത്രം മൂന്നു പശുക്കളാണ് മരിച്ചത്.
ലിറ്ററിന് മിനിമം 50 രൂപയെങ്കിലും ലഭിക്കാതെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ല.സിറിൽ കുമാർ, ക്ഷീര കർഷകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |