SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

പദ്ധതികൾക്ക് വനംവകുപ്പിന്റെ അനുമതിയില്ല, വികസനം വഴിമുട്ടി നെല്ലിയാമ്പതി

nelliampathy-map

നെല്ലിയാമ്പതി: വനംവകുപ്പിന്റെ അനുമതിയിൽ കുരുങ്ങി പഞ്ചായത്തിന്റെ വികസന പദ്ധതികൾ. പഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ പദ്ധതികളാണ് വനംവകുപ്പിന്റെ നിരാക്ഷേപ പത്രം ലഭിക്കാത്തതിനാൽ ആരംഭിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച 78 പദ്ധതികളാണ് വനംവകുപ്പിന്റെ നിരാക്ഷേപപത്രം ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ 2024 ഒക്‌ടോബറിൽ നെല്ലിയാമ്പതി റേഞ്ച് ഓഫീസർക്ക് കത്തുനൽകിയത്.

അംഗീകാരം ലഭിച്ച പദ്ധതികളിലായി 2.64 കോടി രൂപയുടെ പ്രവർത്തികളാണ് അനുമതി വൈകുന്നതോടെ സാമ്പത്തികവർഷം പൂർത്തിയാകുന്നതിന് മുൻപ് നടപ്പിലാക്കാൻ കഴിയാതെവരുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറയുന്നു. വനമേഖലയിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ ഗ്രാമപഞ്ചായത്തിന്റെ അപേക്ഷയിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് പരിശോധന നടത്തി മാത്രമേ നിരാക്ഷേപപത്രം നൽകാൻ കഴിയൂവെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്.

പദ്ധതികൾ

ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ പാടികളിൽ അഴുക്കുചാൽ നിർമ്മാണം, പാത കോൺക്രീറ്റ്, പൊതു കക്കൂസുകളുടെ അറ്റകുറ്റപ്പണി, കിണർ നിർമ്മാണം, മാലിന്യസംഭരണ കേന്ദ്രം നിർമ്മാണം, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, വിവിധ കുടിവെള്ള പദ്ധതികൾ, ബസ് കാത്തുനിൽപ്പുകേന്ദ്രം നവീകരണം, തടയണകളിൽ ആഴം കൂട്ടൽ തുടങ്ങിയ പദ്ധതികൾക്കാണ് പഞ്ചായത്ത് വനംവകുപ്പിന്റെ നിരാക്ഷേപപത്രം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചത്.

രാപകൽ സമരം

വനംവകുപ്പിന്റെ നിരാക്ഷേപപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സഹനാഥൻ 16 മുതൽ അനിശ്ചിതകാല രാപകൽ സമരം നടത്തും. നെന്മാറ വനംഡിവിഷൻ ഓഫീസിനുമുന്നിലാണ് സമരം നടത്തുക. പാടികളിലും പട്ടയഭൂമിയിലും ഉൾപ്പെടെ താമസിക്കുന്നവർക്ക് വീട് അറ്റകുറ്റപ്പണി നടത്തുന്നതിന് പദ്ധതികൾ നടപ്പിലാക്കിയിട്ടും വനംവകുപ്പിന്റെ അനാവശ്യ ഇടപെടലുകൾമൂലം ധനസഹായം അനുവദിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അധികൃതർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NELIYAMBATHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL