വ്യക്തത തേടി മനുഷ്യാവകാശ കമ്മീഷൻ
മണ്ണാർക്കാട്: രോഗിയുടെ ജീവൻ അപകടത്തിലാകുന്ന സന്ദർഭത്തിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സേവനം തേടുന്നതിൽ നിരോധനമുണ്ടോ എന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഒരു സന്ദർഭത്തിലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സർക്കാർ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തരുതെന്ന പൊതു ധാരണ തിരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ.ബൈജൂനാഥ് ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മണ്ണാർക്കാട്ടെ സ്വകാര്യാശുപത്രിയിലെ മുതിർന്ന ഗൈനക്കോളജിസ്റ്റിനെ ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി മണ്ണാർക്കാട് ഗവ.ആശുപത്രിയിലെ ഡോക്ടർ വിളിച്ചുവരുത്തിയ സംഭവത്തെ തുടർന്നുണ്ടായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷൻ സർക്കാരിൽ നിന്നും വ്യക്തത ആവശ്യപ്പെട്ടത്.
ജീവൻ രക്ഷിച്ചതിന് പിന്നാലെ വിവാദം
ഗർഭിണിയിയാ യുവതിയുടെ സിസേറിയൻ ശസ്ത്രക്രിയക്കിടയിലാണ് സ്വകാര്യാശുപത്രിയിലെ മുതിർന്ന ഡോക്ടറെ സർക്കാർ ആശുപത്രിയിലേക്ക് വിളിച്ചത്. രോഗിയുടെ നില ഗുരുതരമായപ്പോൾ വർഷങ്ങളുടെ അനുഭവ പരിചയമുള്ള മുതിർന്ന സ്വകാര്യ ഡോക്ടറെ വിളിക്കുന്നതിന് പകരം ഉയർന്ന സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യണമായിരുന്നുവെന്ന അഭിപ്രായമാണ് ഉണ്ടായതെന്ന് പരാതിക്കാരി അറിയിച്ചു. മുതിർന്ന ഡോക്ടർ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചു. ഇത് പ്രാദേശികതലത്തിൽ വാർത്തയായതോടെയാണ് സ്വകാര്യാശുപത്രിയിലെ ഡോക്ടറെ വിളിപ്പിച്ച സർക്കാർ ഡോക്ടർ വിമർശന വിധേയമായത്. മണ്ണാർക്കാട്ടെ ന്യൂ അൽമ ആശുപത്രി ഉടമ ഡോ. കമ്മപ്പയാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയത്. അദ്ദേഹത്തിന്റെ മകൾ ഡോ. കെ.കെ.ലാമിയയാണ് കമ്മീഷനെ സമീപിച്ചത്. ജീവിക്കാനുള്ള അവകാശം ഭരണഘടനാദത്തമായതിനാൽ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് പരാതിയിൽ പറയുന്നു.
സ്വകാര്യാശുപത്രിയിലെ ഡോക്ടറുടെ സേവനം തേടാൻ പാടില്ലെങ്കിൽ ഇത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ബോധവത്കരണം നൽകിയിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിക്കണം. അഥവാ ഇത് മിഥ്യാധാരണയാണെങ്കിൽ അത് തിരുത്താനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും അറിയിക്കണം. രോഗികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28ന് രാവിലെ 11ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |