SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

വാളയാർ-കോയമ്പത്തൂർ ട്രാക്കിൽ വന്യമൃഗങ്ങൾ പാളത്തിലിറങ്ങില്ല

walayar

പാലക്കാട്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടാനകൾ റെയിൽവെ ട്രാക്കിലേക്കും ജനവാസ മേഖലകളിലേക്കും ഇറങ്ങുന്നത് തടയാൻ റെയിൽവേ ആരംഭിച്ച ഫെൻസിംഗ് പദ്ധതി അതിവേഗം പുരോഗമിക്കുന്നു. വാളയാറിനും എട്ടിമടയ്ക്കും ഇടയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പാളത്തിന് ഇരുവശത്തും ഫെൻസിംഗ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ 40% പ്രവൃത്തികളും പൂർത്തിയായി. നിലവിലെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ മറ്റു ഭാഗങ്ങളിലും ഫെൻസിംഗ് സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിക്കും.

നിലവിൽ പാലക്കാടിനും വാളയാറിനുമിടയ്ക്കുള്ള 22 കി.മീ ദൂരത്തിൽ കൊട്ടേക്കാട് മുതൽ വാളയാർവരെ റെയിൽവേയും വനംവകുപ്പും സംയുക്തമായി നിർമ്മിക്കാൻ ഉദ്ദേശിച്ച റെയിൽവേലിയുടെ മാതൃകയിലാണ് തമിഴ്നാട് മേഖലയിലും റെയിൽവേ ഫെൻസിംഗ് നിർമ്മിക്കുന്നത്. നിലവിൽ ഫെൻസിംഗ് പൂർത്തിയായ ഭാഗങ്ങളിൽ കാട്ടാനകളും വന്യമൃഗങ്ങളും പാളത്തിലേക്കിറങ്ങുന്നതിൽ വലിയ കുറവ് വന്നിട്ടുണ്ട്. കൂടാതെ കാട്ടാനകൾക്ക് കടന്നുപോകുന്നതിനായി വാളയാർ - എട്ടിമട പാതയിൽ റെയൽവേ നിർമ്മിക്കുന്ന രണ്ടാമത്തെ അടിപ്പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. തമിഴ്നാട് വനമേഖയിലാണ് നിലവിലെ ഫെൻസിംഗ് പ്രവൃത്തികൾ നടത്തുന്നത്. സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി കേരളത്തിലേക്ക് നീട്ടുന്നത്. വനം റെയിൽവേ ഉദ്യോഗസ്ഥരുടെ സഹകരണവും പദ്ധതിക്കാവശ്യമായ ഫണ്ടും അനുവദിക്കുന്നതോടെ വേഗത്തിൽ പ്രവൃത്തികളാരംഭിക്കാനാകും. പാലക്കാട് മേഖലയിൽ വട്ടപ്പാറ മുതൽ കൊട്ടേക്കാടുവരെ റെയിൽ വേലിക്കായി സർവേ പൂത്തിയായപ്പോൾ സംസ്ഥാന സർക്കാർ ഫെൻസിംഗ് പദ്ധതിക്കായി 8 കോടി രൂപ അനുവദിച്ചിരുന്നു. 2021 നവക്കരയിൽ മൂന്ന് കാട്ടാനകൾ ട്രെയിനിടിച്ച് ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മധുക്കര വാളയാർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേലിയും ചാലുകളും നിർമ്മിക്കുന്നതിനും വാളയാർ, എട്ടിമട സ്റ്റേഷനുകൾക്കിടയിൽ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുമായി പരിസ്ഥിതി മന്ത്രാലയം, വനംവകുപ്പ് എന്നിവരോട് റെയിൽവേ 29.4 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്-കോയമ്പത്തൂർ റെയിൽപാതയുടെ എ ട്രാക്കിൽ 1.8 കിലോമീറ്ററും ബി ട്രാക്കിൽ 2.8 കിലോമീറ്ററും റിസർവ്വ് വനത്തിലാണ്. പദ്ധതി പൂർത്തിയാവുന്നതോടെ അനുദിനം ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാനാകും. പദ്ധതി കേരളത്തിൽകൂടി നടപ്പിലായാൽ അനുദിനം വർദ്ധിച്ചുവരുന്ന കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL