പാലക്കാട്: ഇന്റർനാഷണൽ വാട്ടർബേഡ് സർവേയുടെ ഭാഗമായി ഭാരതപ്പുഴയോരത്ത് പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപത്ത് 50 ഇനം പക്ഷികളെ കണ്ടെത്തി. അതേസമയം ഓരോ ഇനത്തിലും പക്ഷികളുടെ എണ്ണം കുറയുന്നുവെന്ന കണ്ടെത്തൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ചേരകൊക്കൻ, അരിവാൾ കൊക്കൻ, പെരുമുണ്ടി, കാലിമുണ്ടി തുടങ്ങിയ കൊക്കിനങ്ങളും വിവിധയിനം മുനിയകളും ഇരണ്ടകളും താറാവിനങ്ങളും ഭാരതപ്പുഴയോരത്ത് കണ്ടെത്തി. വേലി തത്തകൾ, ഡ്രോങ്കോകൾ, പൊൻമാനുകൾ, പിപ്പറ്റുകൾ, വാഗ്‌റ്റെയ്‌ലുകൾ, ലാപ് വിംഗുകൾ, സാൻഡ് പൈപ്പറുകൾ, നീർക്കാക്കകൾ പ്ലോവറുകൾ, ചുറ്റീന്തൽക്കിളി, കതിർവാലൻ കുരുവികൾ, നാട്ടുവേഴാമ്പൽ, കാട്ടിലക്കിളി തുടങ്ങിയ പക്ഷിയിനങ്ങളെയും ഭാരതപ്പുഴയോരത്ത് നടത്തിയ സർവേയിൽ കണ്ടെത്തി. ഓരോ പ്രദേശത്തെയും നീർപക്ഷികളുടെ കണക്കെടുത്ത് 'ഇ-ബേഡ്‌സ്' എന്ന വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയാണ് സർവേ പൂർത്തിയാക്കുന്നത്. സുകുമാരൻ വർണം, എം.ആര്യകുമാരൻ, കെ.സുസ്മിത് കൃഷ്ണൻ, ഡോ.സെബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സർവേ. വിവേക് സുധാകരനാണ് ജില്ലയിലെ സർവേയുടെ മേൽനോട്ടം വഹിക്കുന്നത്.
എണ്ണം കുറയുന്നത് വലിയആശങ്ക
കുങ്കുമക്കുരുവികളെ (റെഡ് മുനിയ) ശരാശരി 50 എണ്ണം കാണാറുള്ളിടത്ത് ഇത്തവണ പത്തുമുതൽ 15വരെ മാത്രമാണുള്ളതെന്നാണ് സർവേയിൽ പങ്കെടുത്ത പക്ഷി നിരീക്ഷകർ വ്യക്തമാക്കുന്നത്. മറ്റിനങ്ങളുടെ എണ്ണത്തിനും കുറവുണ്ട്. പുഴയോരത്തെ തിട്ടകളിൽ കൂടുവെക്കുന്നവയാണ് കുങ്കുമക്കുരുവികൾ. ഇതിന് പുറമേ 12 ഇനങ്ങൾകൂടി മണൽത്തിട്ടയിൽ കൂടൊരുക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തും. ഇവയെല്ലാം ഭാരതപ്പുഴയോരത്ത് കുറഞ്ഞുവെന്ന് സർവേയിൽ വ്യക്തമാണ്. തുടർച്ചയായി തീയിടുന്നതുമൂലം ഇവയുടെ ആവാസവ്യവസ്ഥ നശിക്കുന്നതാണ് പക്ഷികൾ കുറയാൻ കാരണം. അഞ്ചുവർഷം മുമ്പ് ഭാരതപ്പുഴയിൽ ഇതേ പ്രദേശത്ത് തീയിടലുണ്ടാവുകയും പക്ഷികളും മുട്ടയും കരിഞ്ഞുപോവുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഹരിത ട്രിബ്യൂണൽ കേസെടുത്ത് സുരക്ഷയൊരുക്കാൻ നിർദേശിച്ചത്. എന്നാൽ, അഞ്ചാണ്ടുകൾക്ക് ഇപ്പുറവും സ്ഥിതി മാറിയിട്ടില്ല. ഇത്തവണയും ഭാരതപ്പുഴയിലെ പക്ഷികളെത്തുന്ന കേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |