
❑പ്രദേശവാസികൾ ഈ മാസം 15നകം രേഖകൾ നൽകണം
❑വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും വിലാസം തെളിയിക്കുന്ന രണ്ടു രേഖകളുടെയും പകർപ്പാണ് നൽകേണ്ടത്
❑നിലവിൽ 1800 പേർ രേഖകൾ നൽകി
❑20 കിലോമീറ്റർ പരിധിയിലുള്ളവർക്കു 340 രൂപയുടെ മാസ പാസ്
പാലക്കാട്: വടക്കഞ്ചേരി -മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിലുള്ളവർ ഈ മാസം 15നകം രേഖകൾ നൽകണമെന്ന് കരാർ കമ്പനി അറിയിച്ചു. ടോൾ കേന്ദ്രത്തിൽ പ്രദേശവാസികളുടെ സൗജന്യയാത്രയ്ക്കായാണിത്. നിലവിൽ ടോൾ കേന്ദ്രത്തിനു ചുറ്റുമുള്ള ആറു പഞ്ചായത്തുകളിലെ താമസക്കാർക്ക് സൗജന്യമുണ്ടെങ്കിലും ഇത് അഞ്ച് കിലോമീറ്ററാക്കി ചുരുക്കാനാണു തീരുമാനം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും വിലാസം തെളിയിക്കുന്ന രണ്ടു രേഖകളുടെയും പകർപ്പാണ് ടോൾ കേന്ദ്രത്തിലെ ഓഫീസിലെത്തിക്കേണ്ടത്. നിലവിൽ 1800 പേർ രേഖകൾ നൽകിയിട്ടുണ്ട്.
അതേസമയം, അഞ്ച് കിലോമീറ്റർ പരിധിയെന്നത് കമ്പനിയുടെ ഏകപക്ഷീയ തീരുമാനമാണെന്നും 10 കിലോമീറ്ററിലെ താമസക്കാർക്ക് സൗജന്യം അനുവദിക്കണമെന്നുമാണ് ആവശ്യമെന്ന് പന്തലാംപാടം ജനകീയ സമരസമിതി പ്രതിനിധികൾ പറഞ്ഞു. രേഖകളുടെ പരിശോധനയ്ക്കുശേഷം അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിലുള്ളവർക്കു മാത്രമേ സൗജന്യം അനുവദിക്കുകയുള്ളൂവെന്നും നിലവിൽ നൽകുന്ന സൗജന്യം പിൻവലിക്കുമെന്നും കരാർ കമ്പനി അധികൃതർ അറിയിച്ചു. ടോൾ കേന്ദ്രത്തിന്റെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്കു 340 രൂപയുടെ മാസപ്പാസാണ് ഉണ്ടാവുകയെന്നും കമ്പനി അധികൃതർ പറഞ്ഞു.
സമരം നടത്തുമെന്ന് ജനകീയ സമരസമിതി
കരാർ കമ്പനി ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയാൽ സമരം നടത്തുമെന്നു ജനകീയ സമരസമിതി പ്രതിനിധികൾ പറഞ്ഞു. പ്രദേശവാസികൾക്കുള്ള സൗജന്യവിഷയത്തിൽ യോഗം ചേർന്ന ശേഷമേ അന്തിമ തീരുമാനമെടുക്കാവൂയെന്നു നേരത്തെ പി.പി.സുമോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായിരുന്നെങ്കിലും കരാർ കമ്പനി ഇതു കൂട്ടാക്കിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |