പൈനാപ്പിൾ കർഷകർ പ്രതിസന്ധിയിൽ.
വടക്കഞ്ചേരി: ജില്ലയിലെ കൊടും ചൂട് മറ്റ് കാർഷിക വിളകളെപ്പോലെ പൈനാപ്പിൾ ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പാലക്കാട് ജില്ലയിലെ പൈനാപ്പിൾ ഉത്പാദനം ഇത്തവണ പാതിയായി കുറഞ്ഞതായി കർഷകർ പറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനൽച്ചൂട് വളരെ നേരത്തെയെത്തി. കൊടും ചൂടിൽ പൈനാപ്പിൾ ചെടികൾ വേഗത്തിൽ ഉണങ്ങാൻ തുടങ്ങി. ഇത് ഉത്പാദനം ഗണ്യമായി കുറയാൻ കാരണമായി. ചെടികൾ വാടി ഫംഗസ് രോഗം വന്ന തോട്ടത്തിലേതിന് സമാനമായി. പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വളത്തിനും ക്ഷാമം നേരിടുന്നുണ്ട്. ഓരോ സീസണിലും വളത്തിന്റെ വിലയിൽ വർദ്ധനവുണ്ടാകും. പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മസൂറി, മഗ്നീഷ്യം എന്നിവയാണ് പൈനാപ്പിൾ കൃഷിയ്ക്കായി ഉപയോഗിക്കുന്ന വളങ്ങൾ. മഴ എന്നുപെയ്യുമെന്ന് ഉറപ്പില്ലാത്തതിനാൽ വെള്ളത്തിനും തണലിനും മറ്റ് മാർഗങ്ങളെ ആശ്രയിക്കണം. നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണ് തണലൊരുക്കുന്നത്. വിപണിയിൽ പൈനാപ്പിളിന് വളരെ ഡിമാൻഡ് ഉള്ള സമയത്ത് ഉത്പാദനം കുറയുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കർഷകർ.
നിലവിൽ മാർക്കറ്റിൽ പൈനാപ്പിളിന് കിലോ 55 രൂപയാണ് വില. എന്നാൽ കർഷകന് കിട്ടുന്നതാകട്ടെ 30-35 രൂപയും. ഇതിനിടെയാണ് ചൂട് വില്ലനായത്. ഉണക്ക് തടയാനുള്ള മാർഗങ്ങൾക്കും ജലസേചനത്തിനുമായി അധിക തുക ചെലവിടേണ്ടിയും വരുന്നു. ചൂട് മൂലം കൈതച്ചക്കകൾ മൂക്കുംമുന്നേ പഴുത്ത് നശിക്കും. ചെടികൾ കരിയുകയും വളർച്ച മുരടിപ്പ് ഉണ്ടാവുകയും ചെയ്യും. മാത്രമല്ല പാകമായാലും തൂക്കം കുറവായിരിക്കും. ആഭ്യന്തര ഉപഭോഗം കഴിഞ്ഞും ഏറെ കയറ്റുമതി സാദ്ധ്യതയുള്ള ഫലമാണ് പൈനാപ്പിൾ. കർണാടക, മഹാരാഷ്‌ട്ര ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലേക്കാണ് പാലക്കാട് നിന്ന് കൂടുതലായി പൈനാപ്പിൾ കൊണ്ടുപോകുന്നത്.
വിഷു, റംസാൻ വിപണിയാണ് വരാനിരിക്കുന്നത്. ഈ സമയത്ത് സാധാരണ ഉത്പാദനം വർദ്ധിക്കേണ്ടതാണ്. എന്നാൽ ഇത്തവണ പൈനാപ്പിൾ ഉത്പാദനത്തിൽ 50 ശതമാനം കുറവാണുണ്ടായത്.
-രാജേഷ് പൂതനക്കയം, പൈനാപ്പിൾ കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |