
പട്ടാമ്പി: പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തൊഴൂക്കര പരിസ്ഥിതി ലോല പ്രദേശമായ അയലക്കുന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ മണ്ണ് മാഫിയ കുന്ന് ഇടിച്ചു നിരത്തിയിട്ടും നടപടിയെടുക്കാതെ അധികൃതർ.
ലോഡ് കണക്കിന് മണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്.
മഴക്കാലത്ത് സമീപവാസികളെ ഇവിടെ നിന്ന് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കാറുണ്ട്. അയലക്കുന്ന് ദുർബ്ബലമാണെന്നും വിപത്തിന് സാധ്യത ഉണ്ടെന്നും ബോധ്യമുള്ളതുകൊണ്ടാണ് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കെയാണ് തൊഴുക്കര, തണ്ണീർക്കോട്, കിഴക്കൻ മുക്ക് പ്രദേശങ്ങളിലെ നൂറിലേറെ വരുന്ന കുടുംബങ്ങളാണ് ഇരകളായി ഭയന്ന് കഴിയുന്നത്. ഇതിനെതിരെ നാട്ടുകാർ ഒറ്റക്കെട്ടായി സംഘടിച്ച് ഹൈക്കോടതിയെ സമീപിക്കുകയും താൽക്കാലികമായി മണ്ണെടുപ്പ് നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചെറുത്തു നിൽക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്താനും കള്ളക്കേസിൽ കുടുക്കാനുമാണ് മണ്ണ് മാഫിയ ശ്രമിക്കുന്നത്. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ നടത്തുന്ന മണ്ണെടുപ്പ് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടും ബന്ധപ്പെട്ട അധികാരികൾ മൗനം പാലിക്കുകയാണ്. പ്രദേശത്തെ ജലസ്രോതസുകളെല്ലാം വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമാണ്.
ജനകീയ സമിതി രൂപീകരിച്ചു
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന അയലക്കുന്ന് സംരക്ഷണ സമിതി നീതിക്കു വേണ്ടി അധികാരികളെ സമീപിച്ചിട്ടുണ്ട്. എങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തത് കൊണ്ടാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് സമീപ വാസികൾ പറഞ്ഞു. അയലക്കുന്ന് തകർക്കുന്നതിനെതിരെ നിയമപരമായി നേരിടാൻ തന്നെയാണ് ജനകീയ സമിതി രൂപീകരിച്ചിട്ടുള്ളതെന്ന് പ്രദേശവാസികളായ കെ.അനൂപ്, 15ാം വാർഡ് മെമ്പർ കെ.ശശിരേഖ, ടി.പ്രവീൺ, കെ.വി ലക്ഷ്മി ഗോപാൽ, എ.എൻ.താമി, എ.പി.വിനീത് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |