പാലക്കാട്: ഇന്നലെ നല്ലൊരു മഴ ലഭിച്ചെങ്കിലും പാലക്കാട് ജില്ലയിൽ താപനില കാര്യമായി താഴ്ന്നിട്ടില്ല. പകൽ സമയത്തെ കനത്ത ചൂടിൽ മനുഷ്യരേക്കാൾ ദുരിതത്തിലാണ് പക്ഷികളും വളർത്തുമൃഗങ്ങളും. വേനൽ കടുത്തതോടെ മനുഷ്യരെക്കാൾ കൂടുതൽ ബുദ്ധിമുട്ടാണ് ജീവജാലങ്ങൾ നേരിടുന്നത്. തോടുകളും കുളങ്ങളും ചെറു അരുവികളും വറ്റിവരണ്ടതോടെ പക്ഷിമൃഗാദികൾ കുടിവെള്ളത്തിനായി പരക്കംപായുന്നു. പശു, എരുമ, പട്ടി, കോഴി, താറാവ് തുടങ്ങിയവയ്ക്ക് ചൂട് കനത്ത വെല്ലുവിളി തന്നെയാണ് ഉണ്ടാക്കുന്നത്. ഇവയ്ക്ക് സൂര്യാതപം ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിർജലീകരണം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ മൃഗങ്ങൾളിൽ വ്യാപകമാണ്. പക്ഷികളിലും മൃഗങ്ങളിലും വിശപ്പും പ്രതിരോധശേഷിയും കുറയും. ചൂടിനു പുറമേ ജില്ലയിൽ ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതും ആശങ്ക ഉയർത്തുന്നുണ്ട്.
ഇവ ശ്രദ്ധിക്കാം
* പകൽ 11 മുതൽ മൂന്നവരെ മൃഗങ്ങളെ മരത്തണലിലോ കൂടുകളിലോ സംരക്ഷിക്കുക
* നിർജലീകരണം ഒഴിവാക്കുന്ന ഭക്ഷണക്രമം പാലിക്കുക
* ധാരാളം വെള്ളം നൽകുക
* തൊഴുത്ത്, കൂട് എന്നിവയിൽ ചാക്കുകൾ കെട്ടിത്തൂക്കി നനച്ചു കൊടുക്കുക
* മൃഗങ്ങളുടെ ശാരീരിക ശുചിത്വം ഉറപ്പു വരുത്തുക
* രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ വെറ്റിനറി ഡോക്ടറുടെ ചികിത്സതേടുക
* പക്ഷികൾക്കായി ചെറുപാത്രങ്ങളിൽ ജലം കരുതിവെക്കുക
കോഴികൾ തളരാതിരിക്കാൻ
കോഴിവസന്ത, കോഴിവസൂരി, കണ്ണുചീയൽ രോഗം അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുള്ള കാലം കൂടിയാണ് വേനൽ. സാധാരണയേക്കാൾ നാലിരട്ടി വരെ കൂടുതൽ കുടിവെള്ളം കോഴികൾക്ക് ആവശ്യമായി വരും. 10 % അധിക സ്ഥലവും ഷെഡിൽ ഒരുക്കണം. ഓരോ നാല് ലിറ്റർ വെള്ളത്തിലും അഞ്ച്ഗ്രാം വീതം പഞ്ചസാരയും അപ്പക്കാരവും, ഉപ്പും ചേർത്ത് ഇലക്ട്രോലൈറ്റ് ലായനി തയാറാക്കി കോഴികൾക്ക് നൽകാം. മൺപാത്രങ്ങളിൽ വെള്ളം നിറച്ച് കൂട്ടിൽ ഒരുക്കുന്നതും, കോഴികൾക്ക് തലമുക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരിക്കുന്നതും നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |