കൊല്ലങ്കോട്: മീങ്കര ഡാമിൽ നിന്ന് രണ്ടര അടിയോളം വെള്ളം നെൽക്കൃഷിക്കായി തുറക്കും. ഗായത്രിപ്പുഴ പദ്ധതിയിലെ മീങ്കര ജലസേചന പദ്ധതിയുടെ രണ്ടാം വിള ജലസേചനവുമായി ബന്ധപ്പെട്ടു ചേർന്ന പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് കൃഷിക്കു വെള്ളം തുറക്കാൻ തീരുമാനിച്ചത്. വലതുകര പ്രധാന കനാലിലേക്കു ഇന്നു വൈകിട്ടു നാലു മണിക്കു തുറക്കും. ഇടതുകര പ്രധാന കനാലിലേക്കു നാളെ രാവിലെ എട്ടിനാണു തുറക്കുക. മുതലമട പഞ്ചായത്തിലെ വലിയചള്ള, പാപ്പാൻചള്ള, പാറയ്ക്കൽചള്ള ഭാഗങ്ങളിലേക്കും പുതുനഗരം പഞ്ചായത്തിൽ വടകരപ്പാല പാടശേഖരസമിതി പരിധിയിലും വടവന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കൂത്താംപാക്ക് പാടശേഖരസമിതി, പിലാപ്പുള്ളി പാടശേഖരസമിതി എന്നിവിടങ്ങളിലെ നെൽക്കൃഷിക്കും വെള്ളം അത്യാവശ്യമാണ്. കർഷകർക്കു കൃഷിക്ക് ആവശ്യമായ വെള്ളം കനാലിലൂടെ തുറന്നു കൊടുക്കുന്നതിനൊപ്പം ശുദ്ധജല വിതരണത്തിനുള്ള വെള്ളം മീങ്കര ഡാമിൽ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. നിലവിൽ മീങ്കര ഡാമിലെ ജലനിരപ്പ് 22.5 അടിയാണ്. അത് 20 അടിയാക്കി നില നിർത്തും. ചുള്ളിയാർ ഡാമിൽ നിന്നുള്ള വെള്ളം വടവന്നൂർ ഭാഗത്തേക്ക് വലതുകര കനാലിലൂടെ നൽകാനുള്ള സാധ്യത പരിശോധിക്കാനും തീരുമാനിച്ചു. ശുദ്ധജലത്തിനായി കമ്പാലത്തറ ഏരിയിൽ നിന്നു 2.5 അടി വെള്ളം മീങ്കര ഡാമിലേക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ ഭരണകൂടത്തിനു കത്തു നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ, മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കൽപനാദേവി, വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് കെ.മണികണ്‌ഠൻ, ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അജീഷ് കുമാർ, ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.പി.ശുഭ, കൃഷി അസിസ്‌റ്റന്റ് ഡയറക്‌ടർ സ്‌മിത സാമുവൽ, ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ എ.ആരിഫ്, ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റോണി ജോയ്, മുതലമട കൃഷി ഓഫിസർ സി.അശ്വതി, കർഷക പ്രതിനിധി ആർ.ബിജോയ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |