SignIn
Kerala Kaumudi Online
Thursday, 22 October 2026 10.16 PM IST

മാട്ടുമന്ത പൊതു ശ്മശാനത്തിൽ 69 ഇനം പക്ഷികളെന്ന് സർവ്വേ

survey
മാട്ടുമന്ത പൊതു ശ്മശാനത്തിൽ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാക്കാടിന്റെ നേതൃത്വത്തിൽ നടന്ന സർവ്വേയിൽ നിന്ന്

പാലക്കാട്: വെന്തുരുകുന്ന പാലക്കാടൻ ചൂടിൽ പച്ച തുരുത്തുകൾ തേടി വിരുന്നെത്തുന്നതും പച്ച തുരുത്തുകളെ ആവാസ കേന്ദ്രമാക്കിയതുമായ പക്ഷികളെ കണ്ടെത്താൻ സർവ്വേയുമായി ഒരുപറ്റം പരിസ്ഥിതി സ്നേഹികൾ. നഗരത്തിലെ പച്ചതുരുത്തുകളിലൊന്നായ മാട്ടുമന്ത പൊതു ശ്മശാനത്തിൽ നടത്തിയ സർവ്വേയിൽ 69 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. മനുഷ്യരുടെ സാമീപ്യത്തിൽ നിന്ന് അകന്നു മാറി ജീവിക്കുന്ന ചെമ്പൻ മരംകൊത്തി (Rufous Woodpecker), വംശനാശഭീഷണി നേരിടുന്ന കന്യാസ്ത്രീകൊക്ക് (Woolly-necked Stork) ഉൾപ്പടെ ദേശാടനപക്ഷികളും ഇതിലുൾപ്പെടുന്നു. നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാക്കാടിന്റെ നേതൃത്വത്തിൽ നടന്ന സർവ്വേയിൽ പക്ഷി സ്നേഹികളായ ലതിക അനോത്ത്, വി.പ്രവീൺ, അഡ്വ. ലിജോ പനങ്ങാടൻ, അവിട്ടം വിനോദ്, വിനോദ്, അശ്വതി, എസ്.അരുൺ, രഞ്ജു, മണിക്കുളങ്ങര എന്നിവരാണ് പങ്കെടുത്തത്. നീർകാട (Common Sandpiper), വല്യ വേലിത്തത്ത (Blue-tailed Bee-eater), കാവി (Indian Pitta), നാകമോഹൻ (Indian Paradise-flycatcher), തവിടൻ ഷ്രൈക്ക് (Brown Shrike), ഈറ്റപൊളപ്പൻ (Blyth's Reed Warbler), ഇളംപച്ചപ്പൊടിക്കുരുവി (Greenish Warbler), തവിട്ടുപാറ്റപിടിയൻ (Asian Brown Flycatcher) എന്നി ദേശാടനപക്ഷികളും കരിമ്പനയിൽ മാത്രം കാണുന്ന പനങ്കുഴൻ (ഇന്ത്യൻ പാമംസ്വിഫ്റ്റ് ) എന്നിവ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ചിത്രശലഭങ്ങൾ, ഉരഗങ്ങൾ, തുമ്പികൾ, സസ്യ വൈവിധ്യം ഉൾപ്പടെ മാട്ടുമന്ത ശ്മശാന ഭൂമിയിൽ നടത്താൻ ഉദ്ദേശിക്കുന്ന ജൈവവൈവിധ്യ സർവേയുടെ ആദ്യ പടിയാണ് പക്ഷിസർവേ. നഗര കേന്ദ്രീകൃതമായ പച്ച തുരുത്തുകളുടെ ജൈവവൈവിധ്യം രേഖപ്പെടുത്തുന്നതിനായി പാലക്കാട് നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി വിവിധ സംഘടനകളുമായി സഹകരിച്ചാണ് സർവ്വേ നടത്തിവരുന്നത്. പരിസ്ഥിതി സംഘടനയായ പുനർജനി, അകത്തേത്തറ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ, പരിസ്ഥിതി ഐക്യവേദി എന്നി സംഘടനകളാണ് പക്ഷി സർവേയുമായി സഹകരിക്കുന്നത്. തരിശുഭൂമിയായ് കിടന്ന പൊതുശ്മശാനത്തെ പുനർജനി പരിസ്ഥിതി സംഘടനയാണ് പച്ച തുരുത്താക്കി മാറ്റിയത്. നൂറു കണക്കിന് മരങ്ങൾ തണൽ വിരിച്ചതോടെയാണ് തണൽ തേടി പക്ഷികളെത്തിതുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BIRDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL