
കഞ്ചിക്കോട്: വാളയാർ, കഞ്ചിക്കോട് ജനവാസ മേഖലകളിലേക്ക് ആനയിറങ്ങുന്നത് തടയാൻ വനം വകുപ്പ് പൊടിച്ചത് ലക്ഷങ്ങൾ. പക്ഷെ ഒരു പ്രയോജനവുമുണ്ടായില്ല. ഇപ്പോഴും വീടുകളിലേക്കും കൃഷിയിങ്ങളിലേക്കും റെയിൽവേ ട്രാക്കിലേക്കും ആനയിറങ്ങുന്നത് പതിവാണ്. കൃത്യമായ ആസൂത്രണമില്ലാതെ വനം വകുപ്പ് പദ്ധതികൾ നടപ്പിലാക്കിയതാണ് ഇതിനു കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ആനയിറങ്ങുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തത് മൂലം വാളയാർ മുതൽ ചുള്ളിമടവരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലുള്ളവർ ദുരിതം സഹിക്കുകയാണ്. നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതിനാൽ ഇനി ഒന്നും ചെയ്യാനാവില്ലെന്ന മട്ടിൽവനം വകുപ്പ് നിഷ്‌ക്രിയമായിരിക്കുകയാണ്. അതിർത്തി അടച്ച് കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ ഗ്രാമ പഞ്ചായത്തോ ബ്ലോക് പഞ്ചായത്തോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.
പല പദ്ധതികൾ, പക്ഷെ ഒന്നും ഫലവത്തായില്ല
കാട്ടാനകളെ തടയാൻ വനം വകുപ്പ് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയായിരുന്നു വനം അതിർത്തിയിൽ പ്ലാവും മാവും വെച്ച് പിടിപ്പിക്കൽ. ഇതിന്റെ ഇലകൾ ഭക്ഷണം തേടിയിറങ്ങുന്ന ആനകൾക്ക് ആഹാരമാകുമെന്നും പിന്നെ ആനകൾ നാട്ടിലേക്ക് ഇറങ്ങില്ലെന്നുമായിരുന്നു വനം വകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് അതിർത്തിയിൽ പ്ലാവും മാവും നട്ടു. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയെന്ന് അവകാശപ്പെട്ട പദ്ധതി പൂർണ്ണമായി പരാജയപ്പെട്ടു. അടിക്കാട് വെട്ടിത്തെളിക്കലായിരുന്നു പിന്നീട് വനം വകുപ്പ് തയ്യാറാക്കിയ പദ്ധതി. ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന വനത്തിന്റെ അതിർത്തിയിലെ കാടുകൾ വെട്ടിത്തെളിക്കുന്നതായിരുന്നു ഇത്. അടിക്കാടുകൾ എന്ന മറ ഒഴിവാകുന്നതോടെ ആനകൾ ഇങ്ങോട്ട് ഇറങ്ങാതെ കാട്ടിലേക്ക് തിരിച്ച് പോകുമെന്നായിരുന്നു വനം വകുപ്പിന്റെ കണ്ടെത്തൽ. അടിക്കാട് വെട്ടാനും ലക്ഷങ്ങൾ ചെലവായി. നേരത്തെ ലക്ഷങ്ങൾ ചെലവഴിച്ച് വെച്ച് പിടിപ്പിച്ചിരുന്ന പ്ലാവും മാവുമെല്ലാം ഇതിന്റെ ഭാഗമായി മുറിച്ച് നീക്കുകയും ചെയ്തു. പക്ഷെ അടിക്കാട് വെട്ടിയിട്ടും ആനയിറങ്ങലിന് കുറവൊന്നുമുണ്ടായില്ല. പിന്നെ മുള്ളുവേലി, കമ്പിവേലി, വൈദ്യുതി വേലി തുടങ്ങിയ പല പദ്ധതികളുമായി വനം വകുപ്പ് രംഗത്തിറങ്ങി. സർക്കാർ ഫണ്ട് വെള്ളത്തിലായി എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |