6000 ഹെക്ടറിൽ 2000 കർഷകർ.
15000 ലധികം തൊഴിലാളികൾ.
45 ലധികം തരം മാങ്ങ
250 ലധികം സംഭരണ കേന്ദ്രങ്ങൾ .
മുതലമട: കേരളത്തിന്റെ മാംഗോ സിറ്റിയായ മുതലമട പഴയ മാമ്പഴക്കാല പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. അഞ്ച് വർഷത്തെ നഷ്ടക്കച്ചവടത്തിന് ശേഷമാണ് കർഷകർക്ക് ആശ്വാസമാകുന്ന പഴയ പ്രൗഢഗംഭീരമായ മാമ്പഴക്കാലം തിരിച്ചെത്തിയത്. ഇക്കുറി ഉത്തരേന്ത്യൻ വിപണി ഉൾപ്പെടെ ആഗോള വിപണിയിൽ മികച്ച വിലയാണ് മുതലമടയിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ അൽഫോൻസ മാങ്ങയ്ക്ക് 400 രൂപ വിലയുണ്ടായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ മാംഗോ സിറ്റിയിൽ മാങ്ങ ഉൽപാദനം കുറഞ്ഞത് കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇക്കുറി കൃഷി പരിപാലനവും വളപ്രയോഗവും കീട നിയന്ത്രണവും എല്ലാം കൃത്യമായതിനൊപ്പം കാലാവസ്ഥ അനുകൂലമായതും കർഷകർക്കാശ്വാസമായി .
മുതലമടയിൽ ഇക്കുറി ഡിസംബർ അവസാനത്തോടെ മാങ്ങയുടെ വിളവെടുപ്പ് തുടങ്ങി. ഇപ്പോൾ ഉത്തരേന്ത്യൻ വിപണിയിലേക്കുൾപ്പെടെ മുതലമടയിൽ നിന്ന് 250 ടണ്ണിൽ അധികം മാങ്ങയാണ് പ്രതിദിനം കയറ്റുമതി ചെയ്യുന്നത്. 6000 ഹെക്ടറിലേറെ സ്ഥലത്ത് രണ്ടായിരത്തിലധികം കർഷകരും 15000 ത്തോളം തൊഴിലാളികളുമാണ് മുതലമടയിൽ മാങ്ങ കൃഷിക്കായി നിലകൊള്ളുന്നത്. വിപണികളിൽ ആദ്യമെത്തുക മുതലമടയുടെ മാങ്ങയാണ്. 45 ലധികം തരം മാങ്ങകളാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. പാക്കിംഗിനും തരംതിരിക്കുന്നതിനുമായി 250ലധികം സംഭരണ കേന്ദ്രങ്ങൾ ഉണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ മാങ്ങയുടെ ഉത്പാദനം നടത്തുന്ന ഏക പഞ്ചായത്ത് ആണ് മുതലമട. മാങ്ങ കയറ്റുമതിക്കും ഉയർന്ന വില ഉറപ്പാക്കുന്നതിനുമായി 5.04 കോടി രൂപ ചെലവിൽ മുതലമടയിൽ പായ്ക്ക് ഹൗസ് സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചിരുന്നു. നബാർഡിന്റെ റിയാസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പായ്ക്ക് ഹൗസ് സ്ഥാപിക്കുന്നത്. അതേസമയം മാങ്ങയുടെ സംസ്ഥാന സർക്കാരിന്റെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ വെറും രണ്ട് കർഷകരാണ് ഇൻഷ്വർ ചെയ്തത്.
മുതലമട മാങ്ങയുടെ വിപണി മൂല്യം
അൽഫോൻസ 400-180
സിന്ദൂരം 100-150
ബംഗനപ്പള്ളി 100-150
മുവാണ്ടൻ 100-120
നീലം 90-100
കിളിചുണ്ടൻ 75-100
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |