പാലക്കാട്: രണ്ടാംവിള കൊയ്ത്ത് സജീവമായതോടെ വൈക്കോലിനും ഡിമാൻഡ് വർദ്ധിച്ചു. ഒരു കെട്ടു വൈക്കോലിന് നിലവിൽ 90 രൂപ വരെ കർഷകർക്കു ലഭിക്കുന്നുണ്ട്. വളരെ നേരത്തെ കൊയ്തവർക്ക് കെട്ടിന് 180 രൂപ വരെ ലഭിച്ചിരുന്നു. ഒരു ഏക്കർ പാടത്തു നിന്നു ശരാശരി 50 കെട്ടു വൈക്കോൽ ലഭിക്കും. നെല്ലിനം പൊന്മണിയാണെങ്കിൽ ഒരു ഏക്കറിൽ നിന്നു 90 കെട്ട് വൈക്കോൽ വരെ ലഭിക്കുമെന്നു കൃഷിക്കാർ പറയുന്നു. തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് മേഖലയിൽ നിന്നും ഉള്ളവരാണു പാടശേഖരത്തിലെത്തി മൊത്തത്തിൽ വൈക്കോൽ വാങ്ങുന്നത്. പാടത്തുവച്ചു തന്നെയാണു കച്ചവടം. കോഴിക്കോട് നിന്നുള്ള സംഘം കാസർകോട് മുതലുള്ള ക്ഷീര കർഷകർക്ക് ഇതു വിൽക്കും. ഒന്നാംവിളയിൽ മഴയിലാണ് കൊയ്ത്ത് എന്നതിനാൽ വയ്‌ക്കോൽ തീരെ ലഭിക്കില്ല. വേനൽക്കാലത്താണ് രണ്ടാംവിള കൊയ്ത്ത് എന്നതിനാൽ ഉണങ്ങിയ വൈക്കോലും കിട്ടും. ഇപ്പോൾ പെയ്യുന്ന വേനൽമഴ ചെറിയ തിരിച്ചടിയാണെങ്കിലും അടുത്ത ദിവസം തന്നെ വൈക്കോൽ ഉണക്കിയെടുക്കാനാകുന്നുണ്ട്. കൊയ്ത്ത് വ്യാപകമാകുമ്പോൾ വൈക്കോലിന്റെ വില 50 രൂപവരെ താഴാൻ സാദ്ധ്യതയുണ്ടെന്നും കൃഷിക്കാർ പറയുന്നു. കഴിഞ്ഞ വർഷം രണ്ടാം വിള കൊയ്ത്ത് തുടങ്ങിയപ്പോൾ മൂന്നടി നീളമുള്ള ഒരു കെട്ട് വൈക്കോലിന് 170 മുതൽ 200 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ കൊയ്ത്ത് വ്യാപകമായതോടെ 60-70 രൂപയായി വില കുത്തനെ കുറഞ്ഞു. കച്ചവടക്കാർ ഒത്തുകളിച്ച് വില കുറച്ചതാണെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. ഇത്തവണ വില ഇടിയുന്നതിനു മുമ്പ് വൈക്കോൽ കൊടുക്കുന്നതിന്റെ തിരക്കിലാണു കർഷകർ. കൊയ്ത്തു കൂലിയെങ്കിലും വൈക്കോലിൽ നിന്നു ലഭിക്കുമെന്നതാണ് ഇവരുടെ ആശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |