വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യ യാത്ര ഏപ്രിൽ ഏഴ് വരെ തുടരും. പി.പി.സുമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ എ.ഡി.എം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് ഏപ്രിൽ ഏഴ് വരെ ടോൾ പ്ലാസയുടെ സമീപത്തെ ആറ് പഞ്ചായത്തുകളിൽ വസിക്കുന്നവർക്ക് നിലവിലെ സൗജന്യ യാത്ര തുടരാൻ തീരുമാനിച്ചത്. നേരത്തെ ടോൾ പ്ലാസയുടെ 7.5 കിലോമീറ്റർ പരിധിയിൽ വസിക്കുന്നവരും ടോൾ പ്ലാസയിൽ ഇതു സംബന്ധിച്ച രേഖകൾ സമർപ്പിച്ചവർക്കും മാത്രമേ ഇന്നലെ മുതൽ സൗജന്യ യാത്ര അനുവദിക്കേണ്ടുള്ളു എന്ന നിലപാടിലായിരുന്നു ടോൾ കമ്പനി. ഇതനുസരിച്ച് ഇന്നലെ രാവിലെ മുതൽ ഇവർക്കു മാത്രം സൗജന്യയാത്ര നൽകിയാൽ മതിയെന്നും അല്ലാത്തവരിൽ നിന്ന് മുതൽ ടോൾ പിരിക്കുമെന്നും കമ്പനി നിലപാട് എടുത്തതിനെ തുടർന്ന് രാവിലെ എട്ട് മുതൽ ടോൾ പ്ലാസയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എം.എൽ.എ ഉൾപ്പെടെ പങ്കെടുത്ത സമരത്തിനു ശേഷം ചേർന്ന യോഗത്തിലാണ് നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത്. ഈ മാസം 7ന് സർവ്വകക്ഷി യോഗം ചേർന്നതിനു ശേഷമായിരിക്കും സൗജന്യയാത്രയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എത്ര കിലോമീറ്റർ വരെ സൗജന്യ യാത്ര നൽകണമെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്.
ദൂര പരിധിയിൽ തീരുമാനമായില്ല
പന്നിയങ്കര ടോൾകേന്ദ്രത്തിൽ 7.5 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യ യാത്രയെന്ന നിർദേശം പ്രദേശവാസികൾ ചേർന്ന് രൂപവത്കരിച്ച പന്തലാംപാടം സംയുക്ത സമരസമിതി കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു. കെ.രാധാകൃഷ്ണൻ എം.പിയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശമുണ്ടായത്. എന്നാൽ ആറംഗ കമ്മിറ്റിയിലെടുത്ത ഏഴര കിലോമീറ്റർ നിർദേശം പിന്നീട് സർവകക്ഷി യോഗത്തിൽ അവതരിപ്പിച്ചപ്പോൾ 10 കിലോമീറ്റർ സൗജന്യം വേണമെന്ന് ജനകീയ സമരസമിതിയും ചില രാഷ്ട്രീയ കക്ഷികളും ഉന്നയിച്ചു. ഇതോടെ 7.5 കിലോമീറ്ററിനും 10 കിലോമീറ്ററിനുമിടയിലുള്ള പ്രധാന സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി സൗജന്യപരിധി നിശ്ചയിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തെങ്കിലും കരാർ കമ്പനി അംഗീകരിച്ചിച്ചതുമില്ല. ഏഴിന് ചേരുന്ന സർവകക്ഷിയോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |