SignIn
Kerala Kaumudi Online
Thursday, 22 October 2026 8.43 PM IST

കാട്ടാനകളെ തുരത്താൻ വനം അതിർത്തിയിൽ രാത്രികാവൽ

കഞ്ചിക്കോട്: ആനകൾ കാടിറങ്ങുന്നത് പതിവായതോടെ കഞ്ചിക്കോട്,​ വാളയാർ വനം അതിർത്തിയിൽ വനം വകുപ്പ് രാത്രികാല കാവൽ ഏർപ്പെടുത്തി. ചുള്ളിമട മുതൽ വാളയാർ വരെ വനം വകുപ്പിന്റെ പൂർണ നിരീക്ഷണത്തിലാണ്. കഴിഞ്ഞ കുറെ നാളുകളായി ആനകൾ ഇറങ്ങുന്നത് പതിവായതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാർ. സൗരോർജ വേലികൾ തകർത്താണ് ആനകൾ വരുന്നത്. കാടിറങ്ങിയ ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. പല വീട്ടു വളപ്പുകളും ആനകളുടെ വിഹാര കേന്ദ്രമായി മാറി. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്. അസീസി സ്‌കൂൾ വളപ്പിലും രണ്ട് തവണ ആനകയറി. ഈ സാഹചര്യം പരിഗണിച്ചാണ് വനം വകുപ്പ് പ്രദേശത്ത് രാത്രി കാല കാവൽ ഏർപ്പെടുത്തിയത്.

രാത്രി കാവലിന് നാട്ടുകാരും
വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും രാത്രി കാവലിന് ഇറങ്ങിയിട്ടുണ്ട്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും തീ കത്തിച്ചും ആനകൾ വരുന്നത് തടയാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാടിറങ്ങിയ ആനകളെ തിരികെ കാട്ടിലേക്ക് കയറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു. പരാക്രമത്തിനിടയിൽ ആനകൾ തെങ്ങും വാഴയും ഉൾപ്പെടെ പിഴുതെറിഞ്ഞ് വലിയ തോതിൽ കൃഷി നാശവുമുണ്ടാക്കി. ആനകൾ വയലിലൂടെ ഓടിയത് മൂലം നെൽച്ചെടികൾ ചവിട്ടിമെതിക്കപ്പെട്ടു. ഇതെല്ലാം ഒഴിവാക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ധ്യ മുതൽ വനം അതിർത്തിയിൽ തമ്പടിച്ച് ശബ്ദമുണ്ടാക്കിയും വെളിച്ചം കാണിച്ചും ആനകൾ ജനവാസ മേഖലയിലേക്ക് വരുന്നത് തടയാൻ ശ്രമം തുടങ്ങിയത്. വനം അതിർത്തിയിലേക്ക് വരുന്ന ആനകൾ ബഹളം കേട്ട് വനത്തിലേക്ക് തന്നെ തിരിച്ച് പോകുന്നുണ്ട്. വനം വകുപ്പിന്റെ നടപടി ജനങ്ങൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.

വനാതിർത്തിയിൽ നിന്ന് തന്നെ ആനകളെ വനത്തിലേക്ക് തിരിച്ചയക്കുകയെന്ന രീതിയാണ് ഞങ്ങൾ സ്വീകരിക്കുന്നത്. ഭീതിയിലായ നാട്ടുകാർക്ക് ധൈര്യം പകരാൻ
രാത്രി ഉറക്കമിളച്ച് കാവൽ നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ആളപായം ഉണ്ടാകാതെ നോക്കുകയെന്ന വലിയ ദൗത്യം ഞങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
കെ.കെ.മരുതൻ,​ ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL