വിദ്യാർത്ഥികൾ ഉൾപ്പെടെ 300 ഓളം പേർ വഴിവെട്ടാനിറങ്ങി
മുതലമട: ഗായത്രി പുഴയ്ക്ക് കുറുകെയുള്ള പള്ളംചുള്ളിയാർ പാലം നിർമ്മാണത്തിന് തടസമായി നിൽക്കുന്ന അപ്രോച്ച് റോഡിന് വഴിവെട്ടി നാട്ടുകാർ. പള്ളം, പട്ടർപള്ളം, തിരുമികുളമ്പ്, ലവച്ചള്ള, മല്ലൻകുളമ്പ് തുടങ്ങിയിടങ്ങളിലെ നൂറുകണക്കിന് നാട്ടുകാരും വിദ്യാർത്ഥികളും ആണ് അപ്രോച്ച് റോഡിനായി വഴിയൊരുക്കാൻ ഇറങ്ങിയത്. നിലവിൽ പാലത്തിന്റെ പള്ളം ഭാഗത്തു റോഡ് ഉണ്ടെങ്കിലും ചുള്ളിയാർ ഭാഗത്ത് റോഡ് നിർമ്മിച്ചിട്ടില്ല. റോഡ് നിർമ്മിക്കാൻ സ്ഥലമെടുപ്പ് ഏറെക്കുറെ പൂർത്തിയായെന്നാണ് പഞ്ചായത്തിന്റെ അവകാശവാദം. അപ്രോച്ച് റോഡിന്റെ പൂർണ സ്ഥലമെടുപ്പ് പൂർത്തിയാകാത്തതും സങ്കേതിക തടസങ്ങളുമാണ് പാലം നിർമ്മാണം വൈകാൻ കാരണം.
കരാർ നടപടികൾ പൂർത്തിയാക്കി ഏഴുമാസം കഴിഞ്ഞിട്ടും നാളതുവരെയായി നിർമ്മാണത്തിന്റെ പ്രാരംഭഘട്ടം പോലും ആരംഭിച്ചിട്ടില്ല. 2024 ആഗസ്റ്റിൽ കരാർ ഉടമ്പടി പ്രബല്യത്തിലാക്കി നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങിയ പദ്ധതിയാണിത്. എന്നാൽ സാങ്കേതിക തടസങ്ങൾ കാരണം നിർമ്മാണം ആരംഭിക്കാൻ കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കരാറുകാരൻ. 2018 പ്രളയത്തിൽ തകർന്ന പാലത്തിന്റെ ഗർഡറുകളും ഡെക്ക് സ്ലാബും നിർമ്മിക്കാനാണ് പഞ്ചായത്ത് പദ്ധതിയിട്ടത്. അതിനായി 48 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. വേനൽകാലത്ത് പുഴയിൽ വെള്ളമില്ലാത്ത സമയത്താണ് പണിനടത്താൻ അനുയോജ്യ സഹചര്യം. എന്നാൽ പുഴ വറ്റി കിടന്നിട്ടും പണി തുടങ്ങാൻ വൈകുന്നതാണ് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ആശങ്കയിലാക്കിയത്. പാലം നിർമ്മാണം അനിശ്ചിതത്വത്തിലായതോടെ പഞ്ചായത്ത് പ്രസിഡന്റ് പി.കല്പനാദേവിയും വൈസ് പ്രസിഡന്റ് എം.താജുദീനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആശങ്ക ചൂണ്ടിക്കാണിച്ച് ഇരുവരും ജില്ലാ കളക്ടറെയും സമീപിച്ചിരുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസകരമാകുന്ന വെള്ളം ചുള്ളിയാർ പുഴപ്പാലത്തിന്റെ നിർമ്മാണത്തിന്റെ തടസങ്ങൾ നീക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയിരുന്നതായി പഞ്ചായത്ത് പി.കൽപ്പന ദേവി പറഞ്ഞു.
പാലം ഇല്ലാത്തതിനാൽ പുഴ മുറിച്ച് കടന്നാണ് സ്കൂളിൽ പോകുന്നത്. പുഴ മുറിച്ച് കടക്കുമ്പോൾ വസ്ത്രങ്ങൾ നനയുകയും അപകടത്തിൽപ്പെടുകയും പതിവാണ്. ഭയത്തോടെയാണ് സ്‌കൂളിലെത്തുക. അതിനാൽ പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണം.
ഫാസില പള്ളം, മുതലമട ഗവ. സ്‌കൂളിലെ വിദ്യാർത്ഥിനി.
മഴക്കാലത്തിന് മുമ്പ് പാലം പണി പൂർത്തികരിക്കാനുള്ള നടപടികൾ സ്വീകരിക്കും.
എം.താജുദീൻ, വൈസ് പ്രസിഡന്റ്, മുതലമട പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |