SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

സ്വച്ഛ് സർവ്വേക്ഷൺ സർവ്വേ; ശുചിത്വ റാങ്കിംഗിൽ പാലക്കാട്ടെ നഗരസഭകൾക്ക് വൻ കുതിപ്പ്

പാലക്കാട്: കേന്ദ്ര നഗരപാർപ്പിട മന്ത്രാലയം നടത്തുന്ന സ്വച്ഛ് സർവ്വേക്ഷൺ സർവ്വേയിൽ പാലക്കാട് ജില്ലയിലെ നഗരസഭകൾക്ക് മികച്ച മുന്നേറ്റം. നഗരങ്ങളുടെ ശുചിത്വ നിലവാരം അളക്കുന്ന സർവ്വേയിൽ, ജില്ലയിലെ നഗരസഭകളെല്ലാം കഴിഞ്ഞ വർഷത്തെക്കാൾ ദേശീയ റാങ്കിംഗിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ നടപ്പാക്കിയ സമഗ്ര ശുചിത്വ പ്രവർത്തനങ്ങളാണ് നേട്ടത്തിന് പിന്നിൽ. പ്രീഅസസ്‌മെന്റ് സർവ്വേയിൽ കണ്ടെത്തിയ മാലിന്യ പ്ലാന്റുകളുമായി ബന്ധപ്പെട്ട രേഖകളുടെ കുറവ്, പൊതുയിടങ്ങളിലും ജലാശയങ്ങളിലും ബിന്നുകളുടെയും വിവര ബോർഡുകളുടെയും അഭാവം, പൊതുശുചിമുറികളിലെ ശുചിത്വക്കുറവ് തുടങ്ങിയ പോരായ്മകൾ ഫീൽഡ് പരിശോധനകൾക്ക് മുമ്പായി പരിഹരിച്ചത് വലിയ നേട്ടമായി.

മാലിന്യശേഖരണം 100 ശതമാനം
'മാലിന്യ മുക്തം നവകേരളം' കാമ്പയിന്റെ ഭാഗമായി ഡോർ ടു ഡോർ മാലിന്യ ശേഖരണം 100 ശതമാനത്തിലേക്ക് എത്തിച്ചു. ഖരമാലിന്യ സംസ്‌കരണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പൊതു ഇടങ്ങളിലെയും ജലാശയങ്ങളിലെയും വൃത്തി ഉറപ്പാക്കുകയും ചെയ്തു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വൃത്തിയാക്കി പുന്തോട്ടങ്ങളാക്കി മാറ്റി. ചുമർ ചിത്രങ്ങൾ, പ്രത്യേക മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, നിർമ്മാണ അവശിഷ്ട മാലിന്യ ശേഖരണ പോയിന്റുകൾ, വേസ്റ്റ് ടു ആർട്ട് ഉദ്യമങ്ങൾ, സീറോ വേസ്റ്റ് ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ, ആർ.ആർ.ആർ സെന്ററുകൾ, നിയമ ലംഘകർക്കെതിരെ കർശന നടപടികൾ എന്നിവയും റാങ്കിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചു.
ഖര ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗിൽ ഉയർന്ന സ്റ്റാറുകൾ നേടി ജില്ലയിലെ നഗരസഭകൾ സംസ്ഥാനത്ത് മുന്നിലെത്തി. പട്ടാമ്പി, ഷൊർണ്ണൂർ നഗരസഭകൾ ത്രീ സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി. കേരളത്തിൽ ഈ നേട്ടം കൈവരിച്ച മൂന്ന് നഗരങ്ങളിൽ രണ്ടെണ്ണം പാലക്കാട് നിന്നാണ്. ചെർപ്പുളശ്ശേരി നഗരസഭ വൺ സ്റ്റാർ നേടി. കൂടാതെ, വെളിയിട വിസർജ്ജന വിമുക്ത നഗരങ്ങൾക്കുള്ള ഒ.ഡി.എഫ് പ്ലസ് സർട്ടിഫിക്കേഷനും ജില്ലയിലെ എല്ലാ നഗരസഭകളും നേടി.

പാലക്കാട്ടെ നഗരസഭകളുടെ പ്രകടനം

 നഗരസഭകൾ, റാങ്ക്, കഴിഞ്ഞവർഷത്തെ റാങ്ക്

ഷൊർണ്ണൂർ 108(3697)

ചെർപ്പുളശ്ശേരി 161(4160)

പട്ടാമ്പി 221(3724)

പാലക്കാട് 338(3369)

ഒറ്റപ്പാലം 380(3611)

മണ്ണാർക്കാട് 625(3004)

ചിറ്റൂർ-തത്തമംഗലം 1289(4036)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUNICIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL