SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.44 PM IST

944 കുളത്തിൽ മത്സ്യക്കൃഷിക്ക് ഒരുങ്ങി ഫിഷറീസ് വകുപ്പ്

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുകുളങ്ങളിലെ മത്സ്യക്കൃഷി വ്യാപിപ്പിക്കാൻ തയ്യാറെടുത്ത് ഫിഷറീസ് വകുപ്പ്. പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നിലവിൽ 809 കുളങ്ങളിലാണ് മീൻ വളർത്തുന്നത്. ഇത് 944 കുളങ്ങളായി വർദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുകുളങ്ങളിൽ മത്സ്യക്കൃഷി ആരംഭിച്ചത്. പാലക്കാട് ജില്ലയിൽ ആകെ 235 ഹെക്ടർ കുളത്തിലാണ് മീനുകൾ വളരുന്നത്. 2024-25 കാലയളവിലായി ഇവിടെ 11 ലക്ഷത്തിന് മുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. 48 കുളങ്ങളിൽ കൃഷി നടത്തുന്ന കരിമ്പുഴ പഞ്ചായത്തിലാണ് കൂടുതൽ മത്സ്യങ്ങളുള്ളത്. അതത് പഞ്ചായത്തുകളാണ് കുളം കണ്ടെത്തി ഫിഷറീസ് വകുപ്പിനെ അറിയിക്കുന്നത്. സ്വകാര്യ വ്യക്തികൾ പാട്ടത്തിനെടുത്താണ് കൃഷിക്ക് നേതൃത്വം നൽകുക. മത്സ്യക്കൃഷിക്ക് ആവശ്യമായ സൗകര്യങ്ങൾ തദ്ദേശ വകുപ്പ് ഏർപ്പെടുത്തും. കാർപ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാല, സൈപ്രസ്, ഗ്രാസ് കാർപ്പ് തുടങ്ങിയവയും നൈൽ തിലാപിയ, ആസാം വാള, അനബാസ് തുടങ്ങിയ ഹൈബ്രിഡ് മത്സ്യങ്ങളും വരാൽ, കരിമീൻ തുടങ്ങിയ നാടൻ മത്സ്യങ്ങളുമാണ് നിക്ഷേപിക്കുന്നത്. സാമ്പത്തിക ഉന്നമനം കൂടാതെ പൊതുകുളങ്ങളിലെ ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയുമാണ് ലക്ഷ്യം. പൊതുകുളങ്ങൾ കൂടാതെ സ്വകാര്യ കുളങ്ങൾ, പടുതാകുളങ്ങൾ, ടാങ്കുകൾ എന്നിവയിലും മത്സ്യകൃഷി സജീവമാണ്. ഇവിടെയെല്ലാം നൂതന കൃഷി രീതികളാണ് പ്രയോഗിക്കുന്നത്. പടുതാകുളങ്ങളിൽ അതി സാന്ദ്രതാ മത്സ്യകൃഷി, റീ സർക്കലേറ്ററി അക്വാകൾച്ചർ സിസ്റ്റം (അക്വാപോണിക്സ്), ബയോഫ്‌ളോക്ക് മത്സ്യകൃഷി, ക്വാറിക്കുളങ്ങളിൽ കൂട് മത്സ്യകൃഷി എന്നിവയും നടപ്പിലാക്കിവരുന്നുണ്ട്. ജില്ലയിലെ മീങ്കര, ചുള്ളിയാർ, മംഗലം, വാളയാർ, മലമ്പുഴ എന്നീ മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങളിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത്. 2024-2025 വർഷത്തിൽ മലമ്പുഴയിൽ മാത്രം 1.5 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉദ്പ്പാദിപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ ഡാമുകളിലായി 57.79 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇക്കാലയളവിൽ നിക്ഷേപിക്കുകയും ചെയ്തു. ജില്ലയിലെ 11 ഡാമിൽ മലമ്പുഴ, വാളയാർ, മീങ്കര, ചുള്ളിയാർ, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ എന്നിവയിലാണ് മത്സ്യക്കൃഷി നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL