SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

പാലക്കാട്ടെ രണ്ട് ടോൾ പ്ലാസയിൽ നിരക്കുവർദ്ധനവ് 31 മുതൽ

toll
വടക്കഞ്ചേരി പന്നിയങ്കര ടോൾപ്ലാസ.

പാലക്കാട്: സേലം-കൊച്ചി ദേശീയപാതയുടെ ഭാഗമായി പാലക്കാട് ജില്ലയിലുള്ള രണ്ട് ടോൾപ്ലാസയിലും നിരക്കുവർദ്ധന നടപ്പാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ എത്തുമെന്ന കണക്കുകൂട്ടലിലാണു നടപടി. മാർച്ച് 31ന് അർദ്ധരാത്രി നിരക്ക് വർദ്ധന നിലവിൽ വന്നേക്കും. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നേരത്തെ ഉത്തരവിറങ്ങിയെങ്കിലും പിന്നീട് തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ടോൾപ്ലാസ കമ്പനികൾ നിരക്കുവർദ്ധന പിൻവലിച്ചിരുന്നു. ജില്ലയിൽ വാളയാർ പാമ്പാംപള്ളം ടോൾപ്ലാസയിലും വടക്കഞ്ചേരി പന്നിയങ്കരയിലുമാണു നിരക്കുവർദ്ധന നടപ്പാക്കുന്നത്. വാളയാറിൽ 3 ശതമാനം മാത്രമേ നിരക്ക് വർദ്ധിപ്പിക്കുന്നുള്ളുവെന്നതാണ് ആശ്വാസം. 20 കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശവാസികൾക്കുള്ള മാസാന്തര പാസിന് 350 രൂപ ആയിരുന്നത് 360 ആക്കി ഉയർത്തി. കാറുകൾക്ക് കഴിഞ്ഞവർഷം നിരക്കുവർദ്ധന ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി 5 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ നിബന്ധനകളും മുൻ തീരുമാനങ്ങളും പൂർണമായും അവഗണിച്ച് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും അനധികൃതമായി പണം വസൂലാക്കുന്നത് തുടരുന്നു. സൗജന്യ പ്രവേശന പാസുകളുടെ മറവിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. യഥാസമയം പാസ് പുതുക്കുന്ന വാഹന ഉടമകൾക്ക് പോലും തങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്. ഇത്തരത്തിൽ ഓരോ വാഹനത്തിൽ നിന്നും പലതവണ പണം ഈടാക്കി വലിയൊരു തുക സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നു യാത്രക്കാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL