
പാലക്കാട്: ലോകകപ്പിന്റെ ആരവമടുക്കുമ്പോൾ പാലക്കാടിൽ ഇത്തവണയും താരം ബ്രസീൽ വീടാണ്. സിവിൽ എൻജിനീയറായ ഷെയ്ഖ് ഷബീർ ബ്രസീലിനോടുള്ള അടങ്ങാത്ത ആരാധന പ്രകടിപ്പിച്ചത് മതിലിന് പച്ചയും മഞ്ഞയും നിറമുള്ള പെയിന്റടിച്ച് മോടി പിടിപ്പിച്ചാണ്. ഇത്തവണ നെയ്മറിന്റെ ഒരു കട്ടൗട്ടും വച്ചിരുന്നു. പക്ഷെ അപ്രതീക്ഷിതമായെത്തിയ കാറ്റിൽ കട്ടൗട്ട് വളഞ്ഞു പോയി. ലോക കപ്പിൽ ബ്രസീൽ കപ്പടിച്ചാൽ വീടിന് ഒരു നില കൂടി പണിത് ഫിഫാ വേൾഡ് കപ്പിന്റെ വലിയ ചിത്രം സ്ഥാപിക്കുമെന്ന് ഷബീർ പറഞ്ഞു. മതിലിപ്പോൾ ഷബീറിന്റെ ആരാധനയുടെ തെളിവ് മാത്രമല്ല ഒരു തിരിച്ചറിയൽ ഇടവും സെൽഫി സ്‌പോട്ടുമാണ്. ഓൺലൈൻ ഡെലിവറിയുമായെത്തുന്നവരുടെ സ്ഥലം തിരിച്ചറിയാനുള്ള പ്രധാനപ്പെട്ട തിരിച്ചറിയൽ ഇടം കൂടിയായി വീട് മാറിയെന്ന് ഷബീറിന്റെ ഭാര്യ ഷംന പറഞ്ഞു. മക്കളായ ഷാനൂനും ഷെയ്ഖ് ഷയാനും ബ്രസീൽ ആരാധകർ തന്നെ.
പെയിന്റ് പുതുക്കിയടിക്കുന്നത് മൂന്നാം തവണ
സ്വന്തമായി വീട് നിർമ്മിച്ചതിന്റെ തൊട്ടടുത്ത വർഷമാണ് 2018 ലെ ലോകകപ്പ് നടക്കുന്നത്. അപ്പോഴാണ് ഇത്തരമൊരു ആശയം തലയിലുദിച്ചതെന്നും ഷബീർ പറഞ്ഞു. ഇത് മൂന്നാം തവണയാണ് മതിലിലെ ബ്രസീലിന്റെ പതാകയുടെ നിറമുള്ള പെയിന്റ് പുതുക്കിയടിക്കുന്നത്. മാത്രമല്ല വീടിന്റെ മുകളിലേക്ക് നോക്കിയാൽ ഫിഫാ വേൾഡ് കപ്പിന്റെ ഒരു ഫോട്ടോയും കാണാം.
'ജീവനാണ് ബ്രസീൽ... കോച്ചായി കാർലോ ആഞ്ചലോട്ടി വന്നതിനു ശേഷം ടീം അടിപൊളിയായി. ഭാഗ്യം കൂടെ തുണച്ചാൽ ഇത്തവണ എന്തായാലും കപ്പടിക്കും. കുട്ടിക്കാലം മുതലേ ബ്രസീലിന്റേയും റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയുടെയും കടുത്ത ആരാധകനാണ്.
ഷെയ്ഖ് ഷബീർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |