പ്ലാസ്റ്റിക്കിനും പശയ്ക്കും വിലകൂടി
മംഗല ഡാം: മഴ കനത്തതോടെ മലയോര മേഖലയിലെ തോട്ടങ്ങളിൽ റബർ മരങ്ങളിൽ മഴമറ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ സജീവമായി. കഴിഞ്ഞ മഴക്കാലത്തെ അപേക്ഷിച്ച് ഇത്തവണ റബ്ബറിന്റെ വില ഉയർന്നു നിൽക്കുന്നതാണ് ഭൂരിഭാഗം റബർ കർഷകരെയും മഴമറ സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ പ്ലാസ്റ്റിക്, പശ തുടങ്ങിയ സാമഗ്രികളുടെ വിലക്കയറ്റവും തൊഴിലാളികളുടെ ലഭ്യതക്കുറവും മഴമറ സ്ഥാപിക്കലിന് തിരിച്ചടിയായിരിക്കുകയാണ്. ഒരു മരത്തിൽ മഴമറ സ്ഥാപിക്കാൻ പ്ലാസ്റ്റിക് ഷീറ്റ്, പശ, ടേപ്പ്, ക്ലിപ്പ് എന്നിവ ഉൾപ്പെടെ50 രൂപയോളം ചിലവ് വരുമെന്ന് കർഷകർ പറയുന്നു. ഇതിന് പുറമെ തൊഴിലാളികളുടെ കൂലിയും നൽകണം. പ്ലാസ്റ്റിക് ഷീറ്റ് സ്ഥാപിക്കുന്നതിന് ഒരു മരത്തിന് 15 മുതൽ 17 രൂപവരെയാണ് കൂലി. വെട്ടുപട്ടയ്ക്ക് മുകളിലുള്ള ഭാഗത്തെ തൊലി വൃത്തിയാക്കി പശ തേച്ചശേഷം ഞൊറി വെച്ച് പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിക്കുകയും അതിന് മുകളിലൂടെ മഴവെള്ളം ഇറങ്ങാത്തവിധം ടേപ്പ് പതിപ്പിച്ച് ക്ലിപ്പുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്യണം. ഒരു മരത്തിൽ റെയിൻ ഗാർഡ് സ്ഥാപിക്കാൻ ഒരേസമയം നാലോളം തൊഴിലാളികളുടെ സേവനം ആവശ്യമാണ്. എന്നാൽ മേഖലയിലാകെ ഇത്തരം ജോലികളിൽ പരിചയസമ്പന്നരായ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതുമൂലം ആവശ്യമായ സമയത്ത് റെയിൻ ഗാർഡ് സ്ഥാപിക്കാൻ കഴിയാതെ നിരവധി തോട്ടം ഉടമകൾ ബുദ്ധിമുട്ടുന്നുണ്ട്. റബർ വില മെച്ചപ്പെതോടെ മഴക്കാല ടാപ്പിംഗിനുള്ള സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താനാണ് കർഷകരുടെ ശ്രമം. പ്രാദേശിക റബർ ഉത്പാദക സഹകരണ സംഘങ്ങൾ വഴി പ്ലാസ്റ്റിക് സാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കർഷകരും പൊതു വിപണിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഇതോടെ വിലക്കയറ്റം നേരിട്ട് കർഷകരെ ബാധിക്കുകയാണ്. കഴിഞ്ഞ വർഷം കിലോഗ്രാമിന് 150 രൂപയുണ്ടായിരുന്ന റെയിൻ ഗാർഡ് പ്ലാസ്റ്റിക് ഷീറ്റിന് ഇപ്പോൾ 200 രൂപയോളമായി. ടാർ നിർമിത പശയുടെ വിലയും കിലോഗ്രാമിന് ഏകദേശം 20 രൂപ വർദ്ധിച്ച് ശരാശരി 85 രൂപയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |