SignIn
Kerala Kaumudi Online
Monday, 15 June 2026 2.57 AM IST

മുതലമടയിൽ ഫുട്ബാൾ ആവേശം

flex

മുതലമട: ഫിഫ ലോകകപ്പിന്റെ മത്സരാവേശം മുതലമടയിലും. വർണ്ണാഭാമായ ഫ്ളക്സുകൾ ഉയർത്തിയും മത്സരങ്ങൾകാണാൻ കൂറ്റൻ സ്‌ക്രീനുകൾ നിരത്തിയും ആവേശം കൊളളുകയാണ് ഫുട്‌ബാൾ ആരാധകർ.
ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ജർമ്മനി തുടങ്ങി നിരവധി പ്രമുഖ ഫുട്‌ബാൾ ടീമുകളുടെ ബാനറുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മുതലമടയുടെ റോഡരുകുകൾ. പ്രതിദിനം മത്സരിച്ചാണ് ഇവിടെ ആരാധകർ ബാനറുകൾ ഉയർത്തുന്നത്. തൃശൂർ-പൊള്ളാച്ചി അന്തർസംസ്ഥാന പാതയോരങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങൾ മുതൽ ഫുട്‌ബാൾ ടീമുകളുടെ ബാനറുകൾ നിറഞ്ഞിരിക്കുന്നുണ്ട്. കാടംകുറിശ്ശി, പോത്തമ്പാടം, നെണ്ടൻകീഴായ, കാമ്പ്രത്ത്ചള്ള, പഴയപാത, മാമ്പള്ളം, മുതലമട, ആട്ടയാംപതി തുടങ്ങിയിടങ്ങളിൽ പടുകൂറ്റൻ കൗവുങ്ങുകളിൽ കാലുകൾ നാട്ടിയാണ് ഫ്ളക്സുകൾ സ്ഥാപിച്ചിരിയ്ക്കുന്നത്. ചിലർ ഇതിനായി ഇരുമ്പുപൈപ്പുകൾ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്താണ് ഫ്ളക്സുകൾ സ്ഥാപിക്കുന്നത്. ഫുട്ബാൾ ടീമുകളുടെ മത്സര ശ്രേണി അനുസരിച്ച് ടീമുകളുടെ പേരിൽ പന്തയവും സജീവമാണ്. ഇതിനായി ഫുട്‌ബാൾ മത്സരങ്ങൾ കാണാൻ യുവജന ക്ലബ്ബുകളിൽ ടി.വികളും സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്.

ജേഴ്സി നിർമ്മാണം സജീവം
തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്തിൽ പൊതുവേ തുണിത്തരങ്ങളുടെ വിപണി സജീവമാണ്. എന്നാൽ ഫുട്‌ബാൾ ലോകകപ്പ് തുടങ്ങിയതോടെ പല തുണികടകളിലും ജേഴ്സികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തമിഴ്നാട്ടിലെ തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ് തുടങ്ങിയ ജേഴ്സി നിർമ്മാണ കമ്പനികളിൽ നിന്നും നേരിട്ടാണ് ജേഴ്സികൾ കടകളിൽ എത്തുന്നത്. ആവശ്യാനുസരണം തിരുപ്പൂരിലെ വിപണി വിലയിൽ തന്നെ മുതലമടയിൽ ജേഴ്സികൾ ലഭിക്കുന്നുണ്ട്. ജേഴ്സികൾ വാങ്ങാൻ ഒരുമിച്ചെത്തുന്ന ടീമുകൾക്ക് കടക്കാർ പ്രത്യേക ഡിസ്‌കൗണ്ട് അനുവദിച്ച് മൊത്തവിലയിലാണ് ജേഴ്സികൾ വിൽക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL