SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

ഒറ്റപ്പാലം -കുളപ്പുള്ളി പാതയിൽ 20 ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ

trafic
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഒറ്റപ്പാലം നഗരത്തിൽ സിഗ്നൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചപ്പോൾ

പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ ഉൾപ്പെടെ പാലക്കാട് - കുളപ്പുള്ളി പാതയിൽ തിരക്കേറിയ 20 ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും. ഒറ്റപ്പാലത്തിന് പുറമെ പത്തിരിപ്പാല, കുളപ്പുള്ളി ജംഗ്ഷനുകളിലും സിഗ്നൽ സ്ഥാപിക്കും. ഇതിനായുള്ള പോസ്റ്റുകൾ സ്ഥാപിക്കൽ ആരംഭിച്ചു. മറ്റിടങ്ങളിൽ സുരക്ഷ മുന്നറിയിപ്പിനുള്ള ബ്ലിങ്കിംഗ് ലൈറ്റുകളും സ്ഥാപിക്കും. ഒറ്റപ്പാലം ആർ.എസ് റോഡ്, സെൻഗുപ്തറോഡ്, ചുനങ്ങാട് റോഡ് ജംഗ്ഷൻ, ഈസ്റ്റ് ഒറ്റപ്പാലം, മായന്നൂർ പാലം ലക്കിടി കൂട്ടുപാത തുടങ്ങി 20 ഓളം ജംഗ്ഷനുകളിൽ ബ്ലിങ്കിംഗ് ലൈറ്റുകൾ സ്ഥാപിക്കും. അതാത് സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് മോട്ടോർ വാഹനവകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളും മണ്ണൂർ, ലക്കിടി പേരൂർ പഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാണിയംകുളം, അമ്പലപ്പാറ പഞ്ചായത്ത് പരിധിയിലും ഇത്തരം സംവിധാനങ്ങളൊരുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തിരക്കേറിയ പാതയിൽ വാഹനങ്ങളുടെ അമിതവേഗം പലപ്പോഴും അപകടത്തിന് ഇടയാക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിഗ്നൽ ഒരുക്കുന്നത്. പത്തിരിപ്പാലയിൽ കോങ്ങാട് റോഡും പാലക്കാട് - കുളപ്പുള്ളിപാതയും ചേരുന്ന ജംഗ്ഷനിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. സ്‌കൂൾ പ്രദേശം കൂടിയായതിനാലുള്ള അപകട സാദ്ധ്യത പരിഹരിക്കാനും വാഹനങ്ങൾ കോങ്ങാട് റോഡിലേക്കും തിരിച്ചും തിരിയുമ്പോഴുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാനുമാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. കുളപ്പുള്ളിയിൽ ഷൊർണൂരിലേക്കും പട്ടാമ്പിയിലേക്കും പാലക്കാട്ടേക്കും തിരിയുന്ന ജംഗ്ഷനിലാണ് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുക. റെയിൽവേ സ്റ്റേഷനിലേക്കുൾപ്പടെ യാത്രക്കാർ ഏറെയെത്തുന്ന ജംഗ്ഷനിൽ കുരുക്കും അപകട സാദ്ധ്യതകളും കൂടുതലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL