
ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയിൽ. ഒറ്റപ്പാലം-മണ്ണാർക്കാട് പ്രധാന പാതയിൽ എല്ലാവിധ സൗകര്യങ്ങളുണ്ടെങ്കിലും ബസ് സ്റ്റാൻഡ് പ്രവർത്തനം ജനോപകാര പ്രദമല്ലെന്ന് പരാതി ഉയരുന്നു. തൃശൂർ, ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുള്ളശ്ശേരി ഭാഗത്തേക്കുള്ള യാത്രയിൽ പ്രധാന സ്റ്റേഷൻ കൂടിയാണ് ശ്രീകൃഷ്ണപുരം. ഇവിടം കേന്ദ്രീകരിച്ചു സർവീസുകൾ ആരംഭിക്കാൻ തക്ക സൗകര്യം ഉള്ളപ്പോൾ അത് പ്രയോജനപ്പെടുത്താൻ കഴിയാതെ അധികൃതർ തുടരുന്ന അനാസ്ഥ മൂലം ബസ് സ്റ്റാൻഡ് നാശത്തിലേക്ക് നീങ്ങുകയാണ്.
2016 ൽ പ്രേംകുമാർ എം.എൽ.എയുടെ ഫണ്ടുപയോഗിച്ച് ബസ് സ്റ്റാൻഡിൽ നിർമ്മിച്ച ടേക്ക് എ ബ്രേക്കും ബാത്ത് റൂമിൽ വെള്ളവും ലഭ്യമല്ലാത്തതിനാൽ പ്രവർത്തന രഹിതമാണ്. സ്റ്റാൻഡ് പ്രവർത്തനം നിലച്ചതോടെ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ ഇവിടം താവളമാക്കിയിരിക്കുകയാണ്.
ബസ് കേറാത്ത സ്റ്റാൻഡ്
സ്റ്റാൻഡിനു മുന്നിലായി പ്രവേശന കവാടമോ ബോർഡോ ഇല്ലാത്ത അവസ്ഥയാണ്. ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ പ്രവേശനക്കവാടത്തിനു മുൻപിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തു കൊണ്ടാണ് സർവീസ് നടത്തുന്നത്. സ്റ്റാൻഡികത്ത് ബസ് ഷെൽട്ടർ നശിച്ചു ഇരിപ്പിട സൗകര്യവുമില്ലാത്ത അവസ്ഥയാണ്.
സ്റ്റാൻഡലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഡിവൈഡർ ഉൾപ്പടെ കാടുമൂടി കിടക്കുകയാണ്. ബസ് സ്റ്റാൻഡിൽ ഇപ്പോൾ സമീപത്തെ സ്വകാര്യ സ്‌കൂളുകളുടെ വാഹനങ്ങളും ഇരു ചക്ര വാഹനങ്ങളുടെയും പാർക്കിംഗ് കേന്ദ്രമായി മാറിയിരിക്കുകയാണ്.
സ്റ്റാൻഡിന്റെ അവസ്ഥയെക്കുറിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഫണ്ടില്ലാത്തതിനാലാണ് പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയാത്തത്. മറ്റു മണ്ഡലങ്ങളിൽ പോയി സ്റ്റാൻഡുകളുടെ ദുരവസ്ഥയെക്കുറിച്ച് വാചാലനാകുന്ന എം.എൽ.എ സ്വന്തം മണ്ഡലത്തിലെ സ്റ്റാൻഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം.
മണികണ്ഠൻ പാലാംകുഴി, യു.ഡി.എഫ് പഞ്ചായത്ത് അംഗം
ബസ് സ്റ്റാൻഡും അതിലെ സൗകര്യങ്ങളും ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ എം.എൽ.എ മറുപടി പറയണം. എത്രയും പെട്ടെന്ന് ബസ് സ്റ്റാൻഡ് നവീകരിച്ചു തുറന്നു നൽകിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതഷേധം സംഘടിപ്പിക്കും.വിനോജ് രാമൻ, പൊതുപ്രവർത്തകൻ.
ബസ് സ്റ്റാൻഡിൽ കുറവുകളുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡ് നവീകരണം പ്രധാന പദ്ധതികളിലൊന്നാണ്. 2026-27 വർഷത്തെ പദ്ധതി ആസൂത്രണം ചെയ്തതിൽ ബസ് സ്റ്റാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഡിന്റെ കുറവ് പരിഹരിക്കാൻ അഞ്ച് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.
പി.അരവിന്ദാക്ഷൻ, പഞ്ചായത്ത് പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |