SignIn
Kerala Kaumudi Online
Sunday, 19 July 2026 4.47 AM IST

തിണ്ടില്ലം വെള്ളച്ചാട്ടം; ടൂറിസം പ്രതീക്ഷയായി പാലക്കുഴി

thindillam
തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നുള്ള ദൃശ്യം.

വടക്കഞ്ചേരി: പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ പ്രകൃതിയുടെ അപൂർവ സൗന്ദര്യവുമായി നിൽക്കുന്ന പാലക്കുഴി പാലക്കാട് ജില്ലയിലെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാകാനുള്ള കാത്തിരിപ്പിലാണ്. തിണ്ടില്ലം വെള്ളച്ചാട്ടം, പാലക്കുഴി മലനിരകൾ, കൊന്നക്കൽക്കടവിലെ മിനി ജലവൈദ്യുത പദ്ധതി, മലഞ്ചെരിവുകളിലെ കാട്ടരുവികൾ, കാർഷിക ഗ്രാമങ്ങളുടെ ജീവിതശൈലി ഇവയെല്ലാം ഒരൊറ്റ ടൂറിസം ശൃംഖലയിൽ കോർത്തിണക്കാൻ കഴിഞ്ഞാൽ പാലക്കുഴി കേരളത്തിന്റെ പ്രകൃതി വിനോദ സഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനമുറപ്പിക്കാനാകും. ഇപ്പോഴും അധികം അറിയപ്പെടാത്ത ഈ പ്രദേശം, പ്രകൃതിയെ നശിപ്പിക്കാതെ വികസനം സാദ്ധ്യമാക്കാനാകുന്ന അപൂർവ മേഖലകളിലൊന്നാണെന്നാണ് വിദഗ്ധരുടെയും നാട്ടുകാരുടെയും വിലയിരുത്തൽ. വൻ കോൺക്രീറ്റ് നിർമ്മാണങ്ങളോ പ്രകൃതിയെ മുറിവേൽപ്പിക്കുന്ന പദ്ധതികളോ അല്ല, മറിച്ച് പരിസ്ഥിതി സൗഹൃദവും സമൂഹ പങ്കാളിത്തമുള്ളതുമായ ടൂറിസം മാതൃകയാണ് ഇവിടെ വേണ്ടതെന്നാണ് പൊതുവായ അഭിപ്രായം. പാലക്കുഴി മലമുകളിൽ നിന്ന് പാറക്കെട്ടുകളെ തഴുകി മൂന്നു തട്ടുകളായി താഴേക്ക് പതിക്കുന്ന തിണ്ടില്ലം വെള്ളച്ചാട്ടം മഴക്കാലത്ത് അതിന്റെ പൂർണ പ്രൗഢിയിലാണ്. പൊന്മുടി മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചെറുനീർച്ചാലുകളും കാട്ടരുവികളും പാലക്കുഴിയിൽ സംഗമിച്ചാണ് വെള്ളച്ചാട്ടത്തിന് ജീവൻ പകരുന്നത്. മിനി ജലവൈദ്യുത പദ്ധതിയുടെ ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞ് സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുകമ്പോഴാണ് വെള്ളച്ചാട്ടം ഏറ്റവും മനോഹരമായി ദൃശ്യമാവുക. കൊന്നക്കൽക്കടവിലെ മിനി ജലവൈദ്യുത പദ്ധതി വൈദ്യുതി ഉത്പാദന കേന്ദ്രം മാത്രമല്ല, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന മികച്ച കാഴ്ചാനുഭവവുമാണ്. തിണ്ടില്ലം വെള്ളച്ചാട്ടവും പാലക്കുഴി മലനിരകളും കൊന്നക്കൽക്കടവിലെ മിനി ജല വൈദ്യുത പദ്ധതിയും മംഗലം ഡാം ടൂറിസം കേന്ദ്രവും ബന്ധിപ്പിച്ചുള്ള സമഗ്ര വികസന പദ്ധതി യാഥാർത്ഥ്യമായാൽ പാലക്കാട് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി പാലക്കുഴി മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL