പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ ആരോഗ്യവകുപ്പ്. ഈ മാസം ആദ്യ മൂന്നാഴ്ചകളിലായി ഡെങ്കിപ്പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത് 192 പേരാണ്. ജൂലായ് 14നാണ് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത്. ഒരൊറ്റ ദിവസം 44 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 16ന് 33 പേർക്കും സ്ഥിരീകരിച്ചു. മേയ് പകുതി മുതൽ ഇതുവരെ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി കൂടാതെ നാലുപേർ എലിപ്പനി ബാധിച്ചും മൂന്നുപേർ എച്ച്1 എൻ1 ബാധിച്ചും ഒരാൾ ഷിഗല്ല ബാധിച്ചും മരിച്ചിരുന്നു.ഇടക്ക് ശക്തമായ മഴ പിന്നീട് കുറഞ്ഞതോടെ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നത് രോഗവാഹകരായ ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനനത്തിന് കാരണമായിട്ടുണ്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയ രോഗങ്ങളാണ് ഇവ പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ പ്രധാനമായും മുട്ടയിടുന്നത്.
ജാഗ്രത കൈവിടരുത്
ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ജില്ലയിലെ ഇടവിട്ടുള്ള മഴ ഇവ പെരുകാനുള്ള സാദ്ധ്യത വർധിപ്പിക്കുന്നു. മുട്ടയിടാൻ വളരെക്കുറച്ച് വെള്ളം മതി. വെള്ളം വാർന്നുപോയാലും ലാർവകൾക്ക് വർഷങ്ങളോളം അതിജീവിക്കാനുള്ള ശേഷിയുണ്ട്. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഫ്രിഡ്ജിന്റെ പിന്നിലെ ട്രേ, പൂച്ചട്ടികൾ, എയർ കൂളറുകൾ, ടെറസ്, ചിരട്ടകൾ, ഉപേക്ഷിച്ച പാത്രങ്ങൾ, ജലസംഭരണി എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക. കൊതുകുവലകളോ ലോഷനുകളോ ഉപയോഗിക്കുക. കൊതുക് കൂത്താടി നശീകരണത്തിനുള്ള ഡ്രൈ ഡേ ആചരിക്കാനും മറക്കരുത്. അതിവേഗം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചില്ലെങ്കിൽ ജീവനുതന്നെ അപകടമാണ് ഡെങ്കിപ്പനി. ഉയർന്ന പനി, പേശികളിലും സന്ധികളിലും വേദന, കഠിനമായ തലവേദന, കണ്ണുകളുടെ പിൻഭാഗത്തുള്ള വേദന, ശരീരത്തിൽ ചുവന്ന പാടുകൾ, ഓക്കാനം, ഛർദി, അതിസാരം എന്നിവയാണ് ലക്ഷണങ്ങൾ. കഠിനമായ വയറുവേദന, വിട്ടുമാറാത്ത ഛർദി, മലത്തിലൂടെയോ മൂക്കിലൂടെയോ വായിലൂടെയോ ഉള്ള രക്തസ്രാവം, അമിതമായ തളർച്ച എന്നിവയാണ് ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ. സ്വയംചികിത്സ പൂർണമായി ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |