SignIn
Kerala Kaumudi Online
Friday, 24 July 2026 3.47 AM IST

എയിംസ് പ്രതീക്ഷയിൽ കഞ്ചിക്കോട്‌

aims
കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ മുൻവശത്തുകൂടെയുള്ള വഴി അടച്ചിട്ട നിലയിൽ.

കഞ്ചിക്കോട്: വഞ്ചനയുടെ സ്മാരക ഭൂമിയിലേക്ക് പുതിയ സ്വപ്നങ്ങൾ പറന്നിറങ്ങുന്നു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത് കാടു പിടിച്ച് കിടക്കുന്ന സ്ഥലം സംസ്ഥാന സർക്കാർ എയിംസിനായി പരിഗണിക്കുന്നു. കേന്ദ്രം കൂടി കനിഞ്ഞാൽ എയിംസ് കഞ്ചിക്കോട് എത്തും. കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം വർഷങ്ങളായി പ്രേതഭൂമി പോലെ കിടക്കുകയാണ്. ഇവിടെ ഇനി ഒന്നും വരില്ലെന്ന് കരുതി നിരാശരായ നാട്ടുകാരുടെ മുമ്പിൽ പ്രത്യാശയുടെ കിരണമാവുകയാണ് എയിംസ്. കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത 239 ഏക്കർ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അനുകൂലമായ ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത്. എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിൽ കഞ്ചിക്കോട് ഉൾപ്പെടുന്നുണ്ട്. അതിർത്തി പ്രദേശമായതിനാൽ രണ്ട് സംസ്ഥാനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം നിലവിൽ കേന്ദ്ര ഗവൺമെന്റിന്റെ കൈവശമായതിനാൽ തുടർ നടപടിക്രമങ്ങൾ എളുപ്പമായിരിക്കും എന്ന ഗുണവുമുണ്ട്. എയിംസ് കഞ്ചിക്കോട് സ്ഥാപിക്കണമെന്ന് പാർലമെന്റിൽ വി.കെ.ശ്രീകണ്ഠൻ എം.പിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രി കെ.മുരളീധരന് നിവേദനം നൽകിയപ്പോൾ അനുകൂല പ്രതികരണമാണ് ഉണ്ടായത്. അനുയോജ്യമായ സ്ഥലം കഞ്ചിക്കോട് ആണെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനായുള്ള ഇടപെടലുകളുണ്ടാകുമെന്നും ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് പുതശ്ശേരി പറഞ്ഞു. 2008-2009 റെയിൽവേ ബഡ്ജറ്റിലാണ് കോച്ച് ഫാക്ടറി അനുവദിച്ചത്. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടി മുറിച്ച് സേലം ഡിവിഷൻ രൂപം നൽകിയപ്പോൾ പകരം നൽകിയ വാഗ്ദാനമായിരുന്നു കോച്ച് ഫാക്ടറി. കഞ്ചിക്കോട് വ്യവസായ മേഖലയിൽ 239 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകി. 2012 ഫെബ്രവരി 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും റെയിൽവേ മന്ത്രി ദിനേശ് ത്രിവേദിയും ചേർന്ന് കോച്ച് ഫാക്ടറിയുടെ തറക്കല്ലിട്ടു. 2018 ൽ പദ്ധതി ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. ആവശ്യം ഉള്ള കോച്ചുകൾ ഉദ്പാദിപ്പിക്കാൻ നിലവിലുള്ള ഫാക്ടറികൾ പര്യാപ്തമാണെന്നായിരുന്നു വിശദീകരണം. ഏറ്റെടുത്ത സ്ഥലം കാട് പിടിച്ച് ആനകളുടെ വിഹാരകേന്ദ്രമായി മാറുകയും ചെയ്തു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AIIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL