SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.29 PM IST

പരിമിതികളെ മറക്കാൻ നീന്തലിലൂടെ ആശ്വാസമായി ശശീന്ദ്രൻ

saseendran

പാലക്കാട്: ഓട്ടിസം, സെറിബ്രൽ പാൾസി, കടുത്ത വിഷാദരോഗം എന്നിവ നേരിടുന്ന കുട്ടികൾക്കും മുതിർന്നവർക്കും നീന്തലിലൂടെ ശാന്തതയും ആത്മവിശ്വാസവും പകർന്നു നൽകുകയാണ് മലമ്പുഴ അകത്തേത്തറയിലെ ശശീന്ദ്രനും കുടുംബവും.

മൂന്ന് വർഷം മുമ്പ് വ്യോമസേനയിൽ നിന്ന് വിരമിച്ച വ്യക്തിയാണ് അകത്തേത്തറ സൂര്യാനഗർ ദ്വാരക വീട്ടിൽ ശശീന്ദ്രൻ.

മലമ്പുഴ ചെക്ക് ഡാമിൽ നീന്തൽ പരിശീലനം ആരംഭിക്കുമ്പോൾ അത് സാധാരണ ഒരു ക്ലാസ് മാത്രമായിരുന്നില്ല. കടുത്ത ഹൈപ്പർ ആക്ടിവിറ്റിയും സംസാര വൈകല്യവും വെള്ളത്തോടുള്ള കടുത്ത പേടിയുമുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ വെള്ളവുമായി ഇണക്കിയെടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ വെള്ളം കുടിച്ചും ഭയന്നും പിന്മാറാൻ നോക്കിയ കുട്ടികളെ കൈപിടിച്ച്, കടുത്ത ക്ഷമയോടെ അവരെ വെള്ളത്തെ സ്‌നേഹിക്കാൻ ശശീന്ദ്രൻ പഠിപ്പിച്ചു. ഒരുമാസം കൊണ്ടുതന്നെ ഈ കുട്ടികൾ സ്വയം നീന്താൻ പഠിച്ചു. കൂടാതെ രാത്രികളിൽ ഉറങ്ങാതിരിക്കുകയും അക്രമാസക്തരാവുകയും ചെയ്തിരുന്ന ഹൈപ്പർ ആക്ടീവായ കുട്ടികൾ നീന്തൽ പരിശീലനത്തിന് ശേഷം ശാന്തരും ഏകാഗ്രതയുള്ളവരുമായെന്ന് രക്ഷിതാക്കൾ പറയുന്നു. പനി ബാധിച്ച് മൂന്നാം വയസിൽ ചലനശേഷി പൂർണമായി നഷ്ടപ്പെട്ട ഒരു പെൺകുട്ടി, ഇവിടുത്തെ പരിശീലനത്തിലൂടെ വീണ്ടും നടക്കാൻ തുടങ്ങിയതാണ് ശശീന്ദ്രന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരം.

 നീന്തൽ പഠിക്കാൻ 30ലധികം കുട്ടികൾ

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കോയമ്പത്തൂർ,ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നും നിരവധി ആളുകളാണ് നീന്തൽ പഠിക്കാനായി മലമ്പുഴയിലേക്കെത്തുന്നത്. നിലവിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിചരണം നൽകുന്നതിനൊപ്പം മുപ്പതിലധികം പേർ വേറെയും ഇവിടെ ദിവസവും പരിശീലനം നേടുന്നുണ്ട്. വെള്ളത്തോട് അടുപ്പം ഉണ്ടാക്കുകയാണ് ആദ്യപടി. കൈയിൽ ട്യൂബ് കെട്ടി വെള്ളത്തിൽ സമയം ചെലവഴിക്കാൻ പ്രാപ്തരാക്കുന്നതോടെ ഇവരിൽ ആത്മവിശ്വാസം വളരും. പരിശീലനം തുടങ്ങുന്നതിന് മുമ്പ് കുട്ടികൾക്ക് വ്യായാമവും ചെറിയ ആക്ടിവിറ്റികളും നൽകും. ഒപ്പം ശരീര ഭാരം കുറയ്ക്കാൻ ആവശ്യമായ ഡയറ്റും.

 കരുത്തായി ഭാര്യ പ്രമീളയും

ഈ വലിയ ദൗത്യത്തിൽ ശശീന്ദ്രന് കരുത്തായി ഒപ്പമുള്ളത് ഭാര്യ എസ്.പ്രമീളയാണ്. റവന്യൂവകുപ്പിൽ ജോലി ചെയ്യുന്ന പ്രമീള, സംസ്ഥാനദേശീയ തലങ്ങളിൽ മെഡലുകൾ നേടിയ നീന്തൽ താരം കൂടിയാണ്. ഇവർ തന്നെയാണ് സ്ത്രീകൾക്കായുള്ള നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. മക്കളായ സിദ്ധാർത്ഥും സഞ്ജയും നീന്തൽ രംഗത്ത് സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SWIMMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL