
പാലക്കാട്: റബ്ബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷി വകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയിലൂടെ പുനർ നടീൽ നടത്തുന്ന റബ്ബർ കർഷകർക്ക് ഹെക്ടറിന് 75000 രൂപ നിരക്കിൽ സർക്കാരിന്റെ നേരിട്ടുള്ള ധനസഹായം ലഭ്യമാക്കും. സ്കീമിലേക്ക് റബ്ബർ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും ഉയർന്ന ഉൽപാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങളാണ് കേര പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്.
സംസ്ഥാനത്ത് 30,000 ഹെക്ടർ വരെയായിരിക്കും ഇത്തരത്തിലുള്ള പുനർ നടീലിന്റെ ലക്ഷ്യം. ഇതിലൂടെ ഏകദേശം 50,000 റബ്ബർ കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാക്കും. 25 സെന്റ് മുതൽ 5 ഹെക്ടർ വരെ റബ്ബർ കൃഷിയുള്ള ചെറുകർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദ്യ വർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും എന്ന രീതിയിൽ ഓരോ കർഷകനും പരമാവധി 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർനടീലിന് ധനസഹായം ലഭ്യമാകും. ധനസഹായത്തോടൊപ്പം കേര പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ കൃഷിമുറകളും പ്രകൃതി സൗഹൃദ കാലാവസ്ഥ അതിജീവന രീതികളും കർഷകർക്ക് കൈമാറും.
മികച്ച ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ ദീർഘകാലത്തേക്ക് ഉത്പാദനം ലഭിക്കുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള അത്യുല്പാദന റബ്ബർ തൈകൾ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് 30 അംഗീകൃത നഴ്സറികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് സ്‌കീമിൽ പിന്തുണയുൾപ്പെടുത്തിയിട്ടുണ്ട്. നല്ല തൈകൾ കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭ്യമാക്കുന്നതിന് ഓരോ നഴ്സറിക്കും പരമാവധി 6 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കുമെന്ന് കേര അറിയിച്ചു.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത കർഷകരെ റബ്ബർ ബോർഡിന്റെ സഹകരണത്തോടെ കേര സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിലേക്ക് ക്ഷണിക്കും. അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 9037824049 www.keraplantation.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |