
പാലക്കാട്: സീസണിൽ കത്തിക്കയറി വാഴയിലയുടെ വില. കല്ല്യാണങ്ങളും ഓണവും ഒരുമിച്ചെത്തിയ ആഹ്ലാദത്തിലാണ് വാഴയില കച്ചവടക്കാർ. എന്നാൽ സീസണായപ്പോൾ ഇലയാണെങ്കിൽ കിട്ടാനുമില്ല. നാക്കിലക്കാണ് ആവശ്യക്കാരേറെ. 15 രൂപമുതലാണ് നല്ല നാക്കിലകൾ ലഭിക്കുക. 15 രൂപക്ക് താഴെയുള്ളത് സെക്കൻഡ് ക്വാളിറ്റി ഇലകളാണ്. സാധാരണ ഇലക്ക് 5 രൂപയാണ്. തിരുവോണമടുക്കുമ്പോൾ ഇലയുടെ വില ഇനിയും വർദ്ധിക്കുമെന്നാണ് വിൽപ്പനക്കാർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും വാഴയിലയെത്തുന്നത്. ജില്ലയിൽ വാഴകൃഷിയിലേക്ക് ആരും ഇറങ്ങാത്തതിനാലാണ് തമിഴ്നാട്ടിൽ നിന്നും ഇലയെത്തിക്കാൻ മുതിരേണ്ടി വരുന്നത്. കാറ്റും മഴയും എത്തിയതോടെ ഉള്ള വാഴയിലകൾ കേടാവുകയും ചെയ്തു.
വാഴയിലക്കെട്ട്@3500 രൂപ
കഴിഞ്ഞ ദിവസം കെട്ടിന് 3500 രൂപയാണ് വിലയുണ്ടായിരുന്നത്. ഒരു കെട്ടിൽ 100 ഇലയാണ് ഉണ്ടാവുക. കഴിഞ്ഞ വർഷം ഓണത്തിന് 800 രൂപയായിരുന്നു ഒരു കെട്ടിന്റെ വില. എന്നാൽ ഈ വർഷം അത് മൂന്നിരട്ടിയായി വർദ്ധിച്ചു. ഹോട്ടലുകളിലേക്ക് നിശ്ചയിച്ച വിലക്കാണ് നൽകുന്നത്. വട്ടത്തിൽ ഇല മുറിച്ചു നൽകുന്നതിന് 2.50 രൂപയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
പേപ്പർ വാഴയിലക്കും
പേപ്പർ വാഴയിലക്കും ആവശ്യക്കാരേറയാണ്. ഒരു ബോക്സിൽ 100 എണ്ണമാണ് ഉണ്ടാവുക. ബോക്സിന് 200 രൂപയാണ് വില. ഒരെണ്ണത്തിന് 2.50 രൂപയാണ് വില. തിരുവോണമാകുമ്പോഴേക്കും കച്ചവടം നന്നായി നടക്കുമെന്ന പ്രതീക്ഷയിലാണ് വിൽപ്പനക്കാർ.
മുൻപ് 10 കെട്ട് ഇലയാണ് ഇറക്കിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 5 കെട്ടായി കുറഞ്ഞു. ഇല ലഭിക്കാനുമില്ല. ഉള്ള ഇലക്ക് വിലകൂടി. എത്തിക്കാനുള്ള ചെലവും വർദ്ധിച്ചു. തിരുവോണമടുക്കുമ്പോൾ വില ഇനിയും വർദ്ധിക്കുമെന്നതാണ് ആശ്വാസം.
ഷംസീർ - ഇല വിൽപ്പനക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |