SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

കൈക്കൂലി പിരിവിന് 'ഗൂഗിൾ ഫോം'!

vigilance-rto
ആലത്തൂർ സബ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് ആഗസ്റ്റ് 6ന് നടത്തിയ പരിശോധന.(ഫയൽ ചിത്രം)

 ആലത്തൂർ ജോയിന്റ് ആർ.ടി.ഒ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ആലത്തൂർ: പൊതുജനങ്ങൾക്ക് നൽകേണ്ട ആർ.ടി.ഒ സേവനങ്ങൾക്ക് ഏജന്റുമാർ മുഖേന കൈക്കൂലി പിരിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ആലത്തൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് നടപടി. ജോയിന്റ് ആർ.ടി.ഒ കെ.ആർ.രാജു, ഓഫീസ് അറ്റൻഡന്റ് എസ്.ഗീതു, ആർ.ടി.ഒ ഏജന്റ് കെ.ഗിരീഷ് കുമാർ എന്നിവർക്കെതിരെയാണ് വിജിലൻസ് പാലക്കാട് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. കൈക്കൂലി പിരിവിനായി ഗൂഗിൾ ഫോമിൽ തയ്യാറാക്കിയ ഡിജിറ്റൽ ലിസ്റ്റ് വരെ ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. വാഹന നമ്പർ, വാഹനം, ആവശ്യപ്പെട്ട സേവനം, നൽകേണ്ട തുക, ഏജന്റിന്റെ പേര് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ലിസ്റ്റിന്റെ ഡിജിറ്റൽ തെളിവുകളും വിജിലൻസ് സംഘം ശേഖരിച്ചു.

ആഗസ്റ്റ് ആറിന് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലി പിരിവിന്റെ നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചത്. കോട്ടായി സ്വദേശി ആർ.ടി.ഒ ഏജന്റ് ഗിരീഷിന്റെ കൈയിൽ നിന്ന് 59,910 രൂപയും പണം പിരിച്ചവരുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും പിടിച്ചെടുത്തു. വിവിധ ഏജന്റുമാരിൽ നിന്ന് ജീവനക്കാർക്ക് വീതംവെക്കുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ ശേഖരിച്ച തുകയായിരുന്നു ഇതെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ആരിൽനിന്ന് എത്ര രൂപ വാങ്ങണം, തുകയിൽ ആർക്കെല്ലാം എത്ര വീതം നൽകണം തുടങ്ങിയ വിവരങ്ങൾ ലിസ്റ്റിൽ രേഖപ്പെടുത്തിയിരുന്നതായും പരിശോധനയിൽ കണ്ടെത്തി. സബ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് സംഘം തെളിവെടുപ്പും നടത്തി. പാലക്കാട് വിജിലൻസ് യൂണിറ്റ് സി.ഐമാരായ എസ്.അനീഷ്, പി.കെ.രാജേഷ്, എസ്.ഐ ബൈജു, സൈബർ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജോയിന്റ് ആർ.ടി.ഒ കെ.ആർ. രാജുവിനെതിരെ സമാനമായ ആരോപണത്തിൽ 2024ൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലും വിജിലൻസ് കേസുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ആലത്തൂർ ഓഫീസിലെ കൈക്കൂലി പിരിവിൽ കൂടുതൽ ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ടിട്ടുണ്ടോയെന്നതിലും അന്വേഷണം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL