SignIn
Kerala Kaumudi Online
Saturday, 05 September 2026 12.47 PM IST

വാളയാർ മാൻ പാർക്ക് ചരിത്രമായിട്ട് 12 വർഷം

marnpark
വാളയാർ മാൻ പാർക്ക്. പഴയ കാല ചിത്രം.

വാളയാർ: പാലക്കാടിന്റെ ടൂറിസം കവാടമായിരുന്ന വാളയാർ ജയപ്രകാശ് നാരായണൻ മാൻ പാർക്ക് ഓർമ്മയാകുന്നു. പാർക്ക് അടച്ച് പൂട്ടിയിട്ട് 12 വർഷം കഴിഞ്ഞിട്ടും ഇതു വീണ്ടും തുറക്കാൻ വനം വകുപ്പ് ഒരു ശ്രമവും നടത്തുന്നില്ല. ഈ സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുമില്ല. 1997 ലാണ് സോഷ്യലിസ്റ്റ് നേതാവ് ലോക് നായക് ജയപ്രകാശ് നാരായണന്റെ സ്മരണാർത്ഥം വാളയാർ വനത്തിൽ 110 ഏക്കർ തേക്കിൻ തോട്ടത്തിൽ മാൻ പാർക്ക് സ്ഥാപിച്ചത്. 2000ൽ മലമ്പുഴ മൃഗശാലയിലെ മാനുകളെ മുഴുവൻ ഇങ്ങോട്ട് മാറ്റി പാർപ്പിച്ചു. പുള്ളിമാനുകളും മ്ലാവുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്.
2010 ലെ ഇവിടെ പുള്ളിമാനുകളും മ്ലാവുകളും ചേർന്ന് 105 എണ്ണം ഉണ്ടായിരുന്നു. 2016 ൽ ഇത് 15 എണ്ണമായി. ഇപ്പോൾ ഇവയിൽ ഒന്നുപോലും ഇല്ലാതായി. വാളയാർ കാടുകളിലെ പുള്ളിപ്പുലികളും കാട്ടുനായ്ക്കളും അതിർത്തി കടന്ന് പാർക്കിലെത്തി മാനുകളെ കൊന്ന് തിന്നുകയായിരുന്നു. വരൾച്ച മൂലം വനത്തിൽ ഭക്ഷണം ലഭിക്കാത്തത് മൂലവും മാനുകൾ ചത്തൊടുങ്ങി. തീറ്റപ്പുൽ നൽകി മാനുകളെ സംരക്ഷിക്കാനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വാളയാർ ഡാം കാണാനെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു മാൻ പാർക്ക്. തുടക്കത്തിൽ വിനോദ സഞ്ചാരികൾക്കായി ട്രക്കിംഗ്, ആന സഫാരി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇപ്പോൾ പാർക്ക് സന്ദർശകർക്കു തുറന്ന് കൊടുക്കുന്നില്ല. സെൻട്രൽ സൂ അതോറിറ്റി പാർക്കിന്റെ അംഗീകാരം റദ്ദാക്കിയതിനെ തുടർന്നാണിത്. 2014 ഫെബ്രുവരി 25 നാണ് സൂ അതോറിറ്റി പാർക്ക് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയത്. പാർക്ക് എന്ന നിലയിൽ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും ഈ 104 ഏക്കർ ഇപ്പോഴും വനം വകുപ്പിന്റെ കീഴിലെ സംരക്ഷിത വന മേഖലയാണ്. മാൻ പാർക്ക് വീണ്ടും വരാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ഈ പ്രദേശത്തെ ബേർഡ് സാങ്‌ച്വറി ഹോട്ട്‌ സ്‌പോട്ട് ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചില പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL