SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.38 AM IST

വാളയാർ ഡാം റോഡിൽ കുമിഞ്ഞ് കൂടി മാലിന്യം

dogs
വാളയാർ ഡാം റോഡരികിൽ തള്ളിയ മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണാവശിഷ്ടം തിരയുന്ന തെരുവുനായ്ക്കൾ.

വാളയാർ: വാളയാർ ഡാം റോഡിനരികിൽ കുമിഞ്ഞ് കൂടുന്ന മാലിന്യം സാമൂഹ്യ പ്രശ്നമായി മാറുന്നു. അറവുശാലയിൽ നിന്നും മറ്റുമുള്ള മാംസ അവശിഷ്ടങ്ങളും മറ്റ് ഭക്ഷണ അവശിഷ്ടങ്ങളും കുമിഞ്ഞ് കൂടുന്നതിനാൽ പ്രദേശം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി. മാലിന്യ പ്രശ്നത്തിന് പുറമെ തെരുവുനായ് ശല്യം കൂടി സഹിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. ഇതര സ്ഥലങ്ങളിൽ നിന്നു കൊണ്ടുവരുന്ന കോഴി ഇറച്ചി മാലിന്യം, ഹോട്ടൽ മാലിന്യം, വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യം, കന്നുകാലി വിസർജ്ജ്യങ്ങൾ എന്നിവ റോഡരികിൽ കുമിഞ്ഞ് കൂടി കിടക്കുകയാണ്. ഇത് വൃത്തിയാക്കാൻ ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പുതുശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിലൂടെയാണ് ഡാം റോഡ് കടന്നുപോകുന്നത്. ഇത്രയും ഗൗരവമായ വിഷയമായിട്ടും പ്രശ്നം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ചയാക്കാൻ പോലും മെമ്പർമാർ തയ്യാറാകാത്തതിൽ പ്രദേശവാസികൾക്ക് കടുത്ത പ്രതിഷേധമുണ്ട്.

തെരുവുനായ് ശല്യവും രൂക്ഷം
മാലിന്യം കുമിഞ്ഞ് കൂടിക്കിടക്കുന്ന ഇവിടെ ഇപ്പോഴും ദിവസേന മാലിന്യം തള്ളുന്നുണ്ട്. മാലിന്യക്കൂമ്പാരം ഇളക്കി മറിക്കുന്ന തെരുവ് നായ്ക്കൾ അവശിഷ്ടങ്ങൾ റോഡിലും പരിസരത്തെ വീടുകളിലും കൊണ്ടിടുകയാണ്. അണുബാധ ഉണ്ടാവുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. ഈ സ്ഥിതി തുടർന്നാൽ പകർച്ചവ്യാധി പകർന്ന് പിടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡാം റോഡിലെ കുമിഞ്ഞ് കൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുന്നതിനൊപ്പം ഇവിടെ വീണ്ടും മാലിന്യം നിക്ഷേപിക്കാതിരിക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുകയും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL