SignIn
Kerala Kaumudi Online
Sunday, 25 October 2026 6.01 AM IST

എലപ്പുള്ളിയിൽ ആധുനിക കൃഷി രീതിക്ക് തുടക്കമായി

elappulli
എലപ്പുള്ളിയിൽ 250 ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആധുനിക കൃഷി രീതി നടപ്പാക്കുന്നതിനായുള്ള ചർച്ച.

എലപ്പുള്ളി: പരമ്പരാഗത കൃഷി രീതികളോട് ഇഴുകി ചേർന്ന് നിൽക്കുന്ന എലപ്പുള്ളിയിൽ പുതിയ കാർഷിക പരീക്ഷണത്തിന് ഒരുങ്ങുകയാണ് കൃഷി വകുപ്പ്. ആധുനിക കൃഷി രീതികളിലേക്ക് കർഷകരെ കൊണ്ടുവരാനുള്ള ചുവടു വെപ്പാണിത്. പരീക്ഷണാടിസ്ഥാനത്തിൽ 250 ഏക്കർ സ്ഥലത്താണ് കൃഷി വകുപ്പിന്റെയും ഐ.ഐ.ടി വിദ്യാർത്ഥികളുടെയും മേൽനോട്ടത്തിൽ അധുനിക ശാസ്ത്രീയ കൃഷി രീതികൾ നടപ്പാക്കുന്നത്. നിലം പാകപ്പെടുത്തൽ മുതൽ വിളവെടുപ്പ് വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളെയും ആധുനിക സാങ്കേതിക സഹായത്തോടെ വിലയിരുത്തി കൃഷി ചെയ്യുന്ന രീതിയാണ്. കൃഷി ചെലവ് കുറക്കാനും ഉദ്പാദനം വർദ്ധിപ്പിക്കാനും ഈ രീതി സഹായകമാകുമെന്നാണ് കൃഷി വകുപ്പ് അവകാശപ്പെടുന്നത്. ഹൈപ്പർ ലോക്കൽ ഫാം ഇന്റലിജൻസ് സംവിധാനം ആണ് ഉപയോഗിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങൾ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് തിരഞ്ഞെടുക്കുന്ന കൃഷിയിടത്തിലെ ചെറിയൊരു ഭാഗത്തെ കുറിച്ച് പോലും തത്സമയ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന രീതിയാണിത്. വലിയ പ്രദേശത്തെ കാലാവസ്ഥയും മണ്ണും പരിശോധിക്കുന്നതിനേക്കാൾ ഗുണമുള്ള രീതിയാണിത്. കൃഷിയിടങ്ങളിലെ ഓരോ സെന്റിലും ഉള്ള ഈർപ്പം, കീടബാധ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരം രേഖപ്പെടുത്താനാകും.

 കർഷകരിൽ ആശങ്കകളും

ആധുനിക കൃഷിയിൽ എ.ഐ സംവിധാനം, മൊബൈൽ ആപ്പ്, ക്യാമറകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെയാണ് കൃഷി ഇറക്കുന്നത്. രോഗ നിർണ്ണയവും കീടനിയന്ത്രണവും കൃത്യമായി കൃത്യമായി ചെയ്യാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. വിളവെടുപ്പിലെ കൃത്യത, മണ്ണിന്റെ ഗുണനിലവാര പരിശോധന, ജലസേചന നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ എ.ഐ സഹായത്തോടെയാണ് ചെയ്യുക. അതേസമയം ഈ കൃഷിരീതിയെ കുറിച്ച് കർഷകരിൽ വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. പരമ്പരാഗത കൃഷി രീതികളിൽ നിന്ന് വ്യതിചലിക്കേണ്ടി വരുമോ എന്നതാണ് പ്രധാന ആശങ്ക. എ.ഐ നിർദ്ദേശങ്ങൾ അനാവശ്യ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുമോ എന്ന ഭീതിയുമുണ്ട്. പരമ്പരാഗതമായി പകർന്ന് കിട്ടിയ കാർഷിക രീതികളുമായി വയലേലകളെ സജ്ജമാക്കുന്ന കർഷകർ പെട്ടെന്ന് ആധുനിക കൃഷിയെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല. കർഷകരുടെ ആശങ്കകൾ മാറ്റുന്നതിനായാണ് 250 ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആധുനിക കൃഷി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇത് വിജയകരമാണെന്ന് തെളിയിച്ച് കൊടുക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് കൃഷി വകുപ്പിനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL