പാലക്കാട്: ഒറ്റപ്പാലം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച കിണർ ജല സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. വരോട് കെ.പി.എസ്.എം.എം വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക പഠനത്തിലാണ് കണ്ടെത്തൽ. പാലപ്പുറം, ഭാരതപ്പുഴ പ്രദേശം, വരോട്, ഒറ്റപ്പാലം നഗരസഭ ഓഫീസ് വാർഡ് എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ച 23 ജലസാമ്പിളുകളിൽ 16 എണ്ണത്തിലും കോളിഫോം സാന്നിദ്ധ്യമുണ്ടായിരുന്നു. പ്രാഥമിക പഠനത്തിലെ കണ്ടെത്തലുകൾ പ്രദേശത്തെ കിണറുകളുൾപ്പെടെയുള്ള ജലസ്രോതസുകളിൽ കൂടുതൽ സമഗ്രമായ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. ജലസ്രോതസുകളുടെ സംരക്ഷണം, മലിനീകരണ നിയന്ത്രണം, സുരക്ഷിതമായ കുടിവെള്ള ലഭ്യത എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കാനും പഠനം ലക്ഷ്യമിടുന്നു. ജലത്തിന്റെ സൂക്ഷ്മജീവി ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകങ്ങളിലൊന്നാണ് കോളിഫോം ബാക്ടീരിയകൾ. ഇവയുടെ സാന്നിദ്ധ്യം ജലത്തിൽ മലിനീകരണ സാദ്ധ്യതയുണ്ടെന്ന സൂചന നൽകുന്നു. എന്നാൽ, കോളിഫോം സാന്നിദ്ധ്യം മാത്രം മലമൂത്ര മലിനീകരണം സ്ഥിരീകരിക്കുന്നില്ല. അതിന് ഇ. കോളി ഉൾപ്പെടെയുള്ള സൂചകങ്ങളുടെ പ്രത്യേക പരിശോധന ആവശ്യമാണ്.
ഉയർന്ന പോസിറ്റീവ് നിരക്ക് വരോട്
ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ ലബോറട്ടറിയിൽ കോളേജിലെ കെമിസ്ട്രി അദ്ധ്യാപിക ഡോ. പ്രിയയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഭാരതപ്പുഴ പ്രദേശത്തുനിന്ന് ശേഖരിച്ച ആറ് സാമ്പിളുകളിൽ അഞ്ചെണ്ണത്തിലും (83.3 ശതമാനം) കോളിഫോം സാന്നിദ്ധ്യം കണ്ടെത്തി. വരോട് പ്രദേശത്തുനിന്നുള്ള അഞ്ച് സാമ്പിളുകളും പോസിറ്റീവായി. ഇവിടെ പോസിറ്റീവ് നിരക്ക് 100 ശതമാനമാണ്. ഒറ്റപ്പാലം മുനിസിപ്പാലിറ്റി ഓഫിസ് വാർഡിൽ നിന്ന് ശേഖരിച്ച പത്ത് സാമ്പിളുകളിൽ അഞ്ചെണ്ണം പോസിറ്റീവായി (50 ശതമാനം). പാലപ്പുറം മേഖലയിൽനിന്ന് ശേഖരിച്ച രണ്ട് സാമ്പിളുകളിൽ ഒന്നിലും കോളിഫോം കണ്ടെത്തി. നാല് മേഖലകളിലെയും ഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ വരോടാണ് ഏറ്റവും ഉയർന്ന പോസിറ്റീവ് നിരക്കുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |